പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ മോട്ടോറുകളുടെ തകരാർ പരിഹരിച്ചു
പാലാ: വീണ്ടും പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പുല്ലുകൾ കുളിരണിഞ്ഞു; കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഇലകൾക്കിടയിലേക്ക് തണുപ്പായി വെള്ളം കുതിച്ചെത്തിയപ്പോൾ കൊച്ചു തളിരകൾ ഒന്നു തലയുയർത്തി;എല്ലാവർക്കും നന്ദി പറയും പോലെ!
മോട്ടോർ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സ്റ്റേഡിയത്തിലെ സ്പ്രിംഗ്‌ളറിലൂടെ വെള്ളമൊഴുകിയിരുന്നില്ല. ഇതോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പച്ചപ്പുൽമെത്ത കരിഞ്ഞും തുടങ്ങി. ഇതു സംബന്ധിച്ച് 'കേരള കൗമുദി ' തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചതോടെ നഗരസഭാധികാരികൾ ഉണർന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലമ്പറമ്പിലും തോമസ് പീറ്ററും മുന്നിട്ടിറങ്ങി. ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഇവർക്ക് എല്ലാ സഹായവമേകി.ബൈജുവിന്റേയും തോമസ് പീറ്ററിന്റേയും നേതൃത്വത്തിൽ കിണറ്റിലെ വെള്ളം വറ്റിച്ച് മോട്ടോർ പുറത്തെടുത്തു. വിദഗ്ധരായ മെക്കാനിക്കുകളും ഒപ്പമുണ്ടായിരുന്നു. പൂർണ്ണമായും ഓട്ടോമാറ്റിക്ക് ആയ മോട്ടോറിന്റെ സെൻസറിൽ ചെളി കയറിയതും കോയിൽ നശിച്ചതും പ്രശ്‌നമായിരുന്നു. അറ്റകുറ്റപണികൾ തീർത്ത് മോട്ടോർ ഇന്നലെ രാവിലെ വീണ്ടും കിണറ്റിലിറക്കി. മിനിട്ടിനുള്ളിൽ മോട്ടോർ ഓണാക്കി, പുൽത്തകിടിയിലെ സ്പ്രിംഗളറുകളിലൂടെ ഫൗണ്ടൻ പോലെ വെള്ളം ചീറ്റിയപ്പോൾ പരിസരം പോലും മറന്ന് ബൈജു കൊല്ലംപറമ്പിലും തോമസ് പീറ്ററും ആഹ്ലാദാരവങ്ങൾ മുഴക്കി. തൊഴിലാളികൾക്കും അവിടെ കൂടിയവർക്കും ആഹ്ലാദ സൂചകമായി മധുരവിതരണവും നടത്തി.
അഭിനന്ദനത്തിന്റെ പൂചെണ്ടുകൾ
ബൈജുവിനേയും തോമസ് പീറ്ററേയും ചെയർമാൻ ആന്റോ ജോസും പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനിയും അഭിനന്ദിച്ചു.
കെ.എം.മാണി മുൻകൈയെടുത്ത് 23 കോടി മുടക്കി അത്യാധുനിക രീതിയിൽ നിർമ്മിച്ച സ്‌റ്റേഡിയത്തിലെ പുൽത്തകിടി നന കിട്ടാതെ കരിഞ്ഞുണങ്ങിയതിൽ കായിക പ്രേമികളും കടുത്ത പ്രതിഷേധത്തിലായിരുന്നു. പുൽത്തകിടി കരിഞ്ഞുണങ്ങിയ ഗുരുതരമായ സ്ഥിതി വിശേഷം യഥാ സമയം ചൂണ്ടിക്കാട്ടിയ കേരള കൗമുദിക്ക് നന്ദി അറിയിക്കുന്നതായി ചെയർമാൻ ആന്റോ ജോസ് പറഞ്ഞു.