
പാലാ : 'ഈ അടുത്ത കാലത്ത് എന്നെ ഒരാൾ പൊതുവേദിയിൽ പരിഹസിച്ചു. എന്നെ എത്ര വേണമെങ്കിലും പുലഭ്യം പറഞ്ഞോളൂ, വ്യക്തിഹത്യ നടത്തിക്കോളൂ. പക്ഷെ ഞാനൊരിക്കലും അതേ നാണയത്തിൽ മറുപടി പറയില്ല. അച്ചാച്ചൻ (കെ.എം.മാണി) എനിക്ക് പകർന്നു തന്നൊരു സംസ്‌കാരവും മൂല്യവുമുണ്ട്. അത് വിട്ട് ഒരു വാക്കും ആർക്കെതിരെയും പറയില്ല.' കെ.എം. മാണിയുടെ പ്രതിമാ അനാച്ഛാദന സമ്മേളന വേദിയിൽ ആമുഖ പ്രസംഗം നടത്തവെയാണ് മകൻ ജോസ്. കെ. മാണി വികാരാധീനനായത്. പാലായിൽ നടന്ന ഒരു പൊതു സമ്മേളനത്തിൽ എനിക്കെതിരെയുള്ള പരിഹാസം കേട്ട ദൃശ്യമാദ്ധ്യമ പ്രവർത്തകർ എന്നോട് മറുപടി ആവശ്യപ്പെട്ടു. അവരോടൊക്കെ ഞാൻ പറഞ്ഞു, പാലായുടെ സംസ്‌ക്കാരം അതല്ല. ഞാനിതിന് അതേ രീതിയിൽ ഒരിക്കലും മറുപടി പറയില്ല. അച്ചാച്ചന്റെ രാഷ്ട്രീയമൂല്യങ്ങൾക്ക് യോജിച്ചതല്ല അത്. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര വൈകാരികമായ മുഹൂർത്തത്തിലാണിപ്പോൾ താൻ നിൽക്കുന്നത്. അത്രമേൽ സ്‌നേഹത്തിന്റെ ഉജ്വല പ്രതീകമായിരുന്നു തന്റെ കുടുംബത്തിനും പാലായിലെ ഓരോ വ്യക്തികൾക്കും കെ.എം.മാണി എന്ന ജനനേതാവ്. മാണിയുടെ പുഞ്ചിരിക്കുന്ന പ്രതിമ പാലായുടെ കാരുണ്യ മുഖമായി എന്നും നിലകൊള്ളുമെന്നും ജോസ് പറഞ്ഞു. പ്രതിമാ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയും ജോസ്. കെ. മാണിയുടെ ഭാര്യ നിഷയും എത്തിയിരുന്നു.