കട്ടപ്പന: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടുക്കി പാക്കേജ് പ്രഖ്യാപനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കട്ടപ്പന പൊലീസ് പുറത്തിറക്കിയ ഉത്തരവ് പൊല്ലാപ്പായി. പുറത്തിറക്കിയതിന് പിന്നാലെ പിൻവലിച്ചെങ്കിലും ഉത്തരവിന്റെ പകർപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലായി. ഇന്ന് നഗരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയാണ് ചൊവ്വാഴ്ച വൈകിട്ടോടെ ഉത്തരവിറക്കിയത്. ഇടുക്കി, പുളിയൻമല, കുട്ടിക്കാനം റൂട്ടുകളിൽ നിന്നുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് സംബന്ധിച്ചും നഗരത്തിലെ മറ്റു പാതകളിൽ ഗതാഗതം നിരോധിച്ചും നിർദേശങ്ങളുണ്ടായിരുന്നു. എന്നാൽ സമയത്തെപ്പറ്റി ആശയക്കുഴപ്പമുണ്ടായതോടെ ഉത്തരവ് പിൻവലിച്ചെങ്കിലും പകർപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചിരുന്നു. വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൻതോതിൽ പ്രചരിച്ചതോടെ യാത്രക്കാരും വ്യാപാരികളും ആശയക്കുഴപ്പത്തിലായി. പിന്നീടാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് അറിയുന്നത്.