ganja

കട്ടപ്പന: കാറിൽ കടത്താൻ ശ്രമിച്ച 2.1 കിലോഗ്രാം കഞ്ചാവ് കട്ടപ്പന എക്‌സൈസ് സംഘം പിടികൂടി. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ വെള്ളിലാംകണ്ടത്ത് വാഹന പരിശോധന നടത്തുന്നതിനിടെ എത്തിയ കാർ, ഉദ്യോഗസ്ഥരെ കണ്ട് നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. എക്‌സൈസ് സംഘം പിന്തുടർന്ന് എത്തിയപ്പോഴേയ്ക്കും കാർ മാട്ടുക്കട്ടയിൽ ഉപേക്ഷിച്ച് നാല് പേർ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി. കഞ്ചാവും കസ്റ്റഡിയിലെടുത്ത കാറും കട്ടപ്പന കോടതിയിൽ ഹാജരാക്കി. കട്ടപ്പന എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബി. ബിനു, പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം, ഗ്രേഡ് പി.ഒമാരായ വി.പി. സാബുലാൽ, സൈജുമോൻ ജേക്കബ്, സി.ഇ.ഒമാരായ എസ്. ശ്രീകുമാർ, ജസ്റ്റിൻ പി.ജേക്കബ്, ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവരാണ് പരിശോധന നടത്തിയത്.