drgn-frit

ചങ്ങനാശേരി: റോസ് നിറത്തിലുള്ള തൊലി, മുട്ടയുടെ ആകൃതി, ചെതുമ്പൽ പോലെ പൊളിഞ്ഞിരിക്കുന്ന തൊലി. കണ്ടാൽ കൗതുകത്തോടെ ഒരു തവണ ആരും കയ്യിലെടുത്ത് നോക്കിപ്പോകും. വേനൽക്കാലം ആരംഭിച്ചതോടെ ഡ്രാഗൺ ഫ്രൂട്ട് എന്ന പേരിലറിയപ്പെടുന്ന ഈ പഴം വഴിയോരങ്ങളിൽ സജീവമായി തുടങ്ങി. ചെറുപുളിരസമാണ് രുചി. വർഷത്തിൽ രണ്ടരമാസമാണ് നാട്ടിൽ ഇവയുടെ സീസൺ. ജനുവരി ആദ്യം മുതൽ മാർച്ച് ആദ്യത്തോടെ സീസൺ അവസാനിക്കും.

കള്ളിമുൾച്ചെടികളെപ്പോലെ ഇലകളില്ലാതെ പറ്റിപ്പിടിച്ചു വളരുന്ന ചെടിയാണിത്. രൂപഭംഗികൊണ്ട് മനോഹരമായ ഡ്രാഗൺ ഫ്രൂട്ടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണു ഭക്ഷ്യയോഗ്യം. പഴം മുറിച്ചാൽ ഉള്ളിൽ വെള്ള നിറമാണ്. കിവി പഴം പോലെ നിറയെ ചെറിയ കറുത്ത കുരുക്കളുമുണ്ട്. സാലഡ്, സ്മൂത്തി, മിൽക്ക് ഷെയ്ക്ക് എന്നിവയ്ക്കാണ് ഡ്രാഗൺ ഫ്രൂട്ട് കൂടുതൽ ഉപയോഗിക്കുന്നത്. പ്രധാനമായും മൂന്നു തരത്തിലുള്ള ഡ്രാഗൺ പഴങ്ങളിൽ ഏറ്റവും സാധാരണയായി കാണുന്നത് റോസ് നിറമുള്ള ഡ്രാഗൺ ഫ്രൂട്ടാണ്. കൗതുകം തോന്നി വാങ്ങാമെന്നു വിചാരിച്ചാൽ വില കേട്ട് ഞെട്ടും. 200 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ ഡ്രാഗൺ ഫ്രൂട്ടിന്റെ വില. സ്ഥലവും സാഹചര്യവുമനുസരിച്ച് വിലയും മാറും. വഴിയോരത്ത് 220-240 രൂപയാണെങ്കിൽ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും വില 340 ആണ്. ഒരു കായ്ക്ക് അരക്കിലോയോളം തൂക്കമുണ്ടാകും. ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഉത്തരേന്ത്യയിലും വ്യാപകമായ കൃഷിയുണ്ട്. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മൂവാറ്റുപുഴ, പാലോട്, പെരുമ്പാവൂർ, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.

ഗുണങ്ങൾ

പ്രമേഹ രോഗികൾക്ക് കഴിക്കാം

വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും

മഗ്‌നീഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്ക്ക് സഹായിക്കും

രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങളാൽ സമ്പന്നം

കൊളസ്‌ട്രോളും അമിതഭാരവും കുറയ്ക്കും

ഹൃദയത്തെ സംരക്ഷിക്കും

രക്തത്തിലെ കാൻസറിനെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്

രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും

വാർദ്ധക്യവും വാതവും അകറ്റും