online

കോട്ടയം: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ കുട്ടികൾ 'കൈവിട്ടുപോകുന്ന' തായി മാതാപിതാക്കൾ. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഗെയിമുകളിലേയ്ക്ക് മാത്രമല്ല, അൽപം കൂടി കടന്ന സൈറ്റുകളിലേയ്‌ക്കുമാണ് കുട്ടികളുടെ പോക്ക്.

ലോക്ക് ഡൗണിനു ശേഷം സ്‌കൂളുകൾ തുറക്കാൻ വൈകിയതോടെയാണ് സംസ്ഥാനത്ത് ഓൺലൈൻ പഠനം ഏർപ്പെടുത്തിയത്. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ സുഗമമായി ലഭിക്കുന്നതിനുള്ള സൗഹചര്യമാണ് ഇതു സ‌‌ൃഷ്‌ടിച്ചത്. കുട്ടികളിൽ പലരും ഓൺലൈൻ ക്ലാസുകൾക്കായി കൈയിൽ കിട്ടിയ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. ഗെയിമുകൾക്കും കുട്ടികൾ അടിമയാകുന്നു. പത്തു ശതമാനം കുട്ടികളെങ്കിലും അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതായും വിലയിരുത്തപ്പെ‌ടുന്നു.

കൗൺസിലിംഗിനെത്തുന്നവർ ഇരട്ടിയായി

ഓൺലൈൻ പഠനം തുടങ്ങിയതോടെ കൗൺസിലിംഗിനായി എത്തുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായതായി കൗൺസിലർമാർ പറയുന്നു. നേരത്തെ ഒരു ദിവസം നാലോ അഞ്ചോ കുട്ടികൾ മാത്രമാണ് എത്തിയിരുന്നത്. എന്നാൽ, ഇപ്പോഴത് പത്തു മുതൽ പന്ത്രണ്ട് വരെയാണ്. അതിൽ തന്നെ ഏഴു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് കൂടുതൽ. മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണ് പലരുടെയും പ്രശ്‌നം. അമിത ദേഷ്യം, വിശപ്പില്ലായ്‌മ, അനുസരണയില്ലായ്‌മ തുടങ്ങിയവയാണ് ഇവരിൽ പ്രകടമായി കാണുന്ന സ്വഭാവമാറ്റം.

വേണ്ടത് കനത്ത ശ്രദ്ധ

പഠനത്തിനായി മൊബൈൽ ഫോൺ നൽകുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന സൈറ്റുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തണം. പഠിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും കുട്ടികൾ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളും ആപ്ലിക്കേഷനുകളും പരിശോധിക്കണം.

' കുട്ടികൾക്ക് നല്ലതെന്ത് ചീത്തയെന്ത് എന്നു മനസിലാക്കി നൽകാൻ മാതാപിതാക്കൾക്ക് സാധിക്കണം. കൃത്യമായി കുട്ടികളുടെ കാര്യങ്ങളിൽ മാതാപിതാക്കൾ ഇടപെടുന്നുണ്ടെന്ന് ഉറപ്പാക്കണം.രഹസ്യമായി നീരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ അവർക്കുണ്ടായാൽ വഴി തെറ്റിപോകില്ല."

ഡോ.മെറിൻ പുന്നൻ, കൗൺസിലിംഗ് സൈക്കോളജിസ്റ്റ്