
കോട്ടയം: കാർഷിക വിളകളുടെ വിലത്തകർച്ചയും കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം പൊറുതി മുട്ടുന്ന മലയോര ജനതയ്ക്ക് ആശ്വാസമാവുകയാണ് തേൻ വിപണി. തേനീച്ച കർഷകരുടെ ചാകരക്കാലമാണിത്. ജില്ലയിൽ ആയിരത്തിലേറെ തേൻകർഷകരാണുള്ളത്. കാലാവസ്ഥ അനുകൂലമായതിനാൽ ഈ വർഷം മികച്ച ശേഖരണമാണ് പ്രതീക്ഷിക്കുന്നത്.
വൻതേനിന് ലിറ്ററിന് 400 രൂപയുണ്ട് വില. ജനുവരി രണ്ടാം വാരം മുതൽ മഴ മാറി നിന്നതും ചൂട് വർദ്ധിച്ചതും തേൻ ഉൽപാദനത്തിന് അനുകൂല ഘടകമാണ്. ജില്ലയിൽ വനമേഖലയെയും റബർ തോട്ടങ്ങളെയും ആശ്രയിച്ചാണ് തേൻ ഉത്പാദനം. ജനുവരി ആദ്യത്തോടെ തളിരിടുന്ന റബർ മരങ്ങൾ ഇലകൾക്കിടയിലുള്ള മുകുളങ്ങളിലൂടെയാണ് തേൻ പുറപ്പെടുവിക്കുന്നത്. ഇതു നുകരാൻ നൊടിയൽ ഇനത്തിൽ പെട്ട തേനീച്ചകൾ കൂടുവിട്ടു പറന്നെത്തും. ജനുവരി ആദ്യം രണ്ടാം വാരംമുതൽ തേൻകാലവും തുടങ്ങും. പാലാ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കണമല ഭാഗങ്ങളിലെ തേനീച്ച കർഷകർക്കും സന്തോഷമാകും. ജില്ലയിലെ 5 മുതൽ 500 വരെ കൂടുകളുള്ള ചെറുകിട–വൻകിട കർഷകർക്കു മാവേലിക്കരയിലെ ഹോർട്ടികോർപ് കേന്ദ്രത്തിൽ തേൻ ശുദ്ധീകരിക്കാനും ശാസ്ത്രീയമായി പായ്ക്ക് ചെയ്യാനും സൗകര്യമുണ്ട്.
തേൻഗ്രാമവുമായി കണമല
കണമല സഹകരണ ബാങ്ക് ആരംഭിച്ച തേൻഗ്രാമം പദ്ധതിയും വിജയത്തിലാണ്. പെട്ടികളിൽ തേനീച്ചകളെ വളർത്തുന്നതാണ് രീതി. ചെറുതേനും വൻതേനും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടൊന്നിൽ നിന്ന് ശരാശരി 10 മുതൽ 15 കിലോ വരെ തേൻ ഒരു സീസണിൽ സംഭരിക്കാനാവും.
ഗുണത്തിൽ മുൻപൻ
ചൂടുവെള്ളത്തിൽ രാവിലെ കുടിക്കുന്നത് അലർജിയും കൊഴുപ്പും തടയും
പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ മുറുവകൾ അണുവിമുക്തമാകും
നാരങ്ങയിൽ ചേർത്ത് മുഖത്ത് പുരട്ടുന്നത് തിളക്കം കൂട്ടാൻ സഹായിക്കും
ചെറുചൂടുവെള്ളത്തിൽ കലർത്തി തലയിൽ പുരട്ടുന്നത് താരൻ തടയും