help-mundakayam

മുണ്ടക്കയം : രണ്ട് കുടുംബങ്ങളുടെ അത്താണിയായ യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മുണ്ടക്കയം ഗ്രാമം കൈകോർക്കുന്നു. ഇരുവൃക്കകളും തകരാറിലായ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആറാംവാർഡ് പനച്ചിക്കൽ ഹർഷാദ് ഹംസ (38), എട്ടാംവാർഡ് മോൻസി ഭവനിൽ വിജയകുമാർ (41) എന്നിവരെ സഹായിക്കാനാണ് നാട് ഒന്നിക്കുന്നത്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ആവശ്യമായതോടെ സാമ്പത്തികമായി തകർന്നിരിക്കുകയാണ് ഇരുകുടുംബങ്ങളും. വൃക്കമാറ്റിവയ്ക്കലാണ് ഏകപോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ മാനസികമായും ഇരുകുടുംബങ്ങളും തകർന്നു. ഹർഷാദിന് വൃക്ക കൊടുക്കാൻ ഒരാൾ തയ്യാറാകുകയും തൃശൂരെ ആശുപത്രിയിൽ ഇതിനുളള ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും സാമ്പത്തികമാണ് വെല്ലുവിളി. ഹർഷാദിന്റെ രോഗിയായ മാതാവും ഒരു വർഷത്തിലധികമായി ഡയാലിസിസ് നടത്തുകയാണ്. ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമാണ് ഹർഷാദിനുള്ളത്.

വിജയകുമാറിന് വൃക്ക നൽകാൻ മാതാവ് തയ്യാറാണ് ഇവിടെയും പണമാണ് തടസം. ഭാര്യയും മകളുമുളള വിജയകുമാറിനും മറ്റു മാർഗങ്ങളൊന്നുമില്ല. ഇതോടെയാണ് നാട്ടുകാർ ചികിത്സാസഹായസമിതി രൂപീകരിച്ചത്. ഹർഷാദിന് 25 ലക്ഷവും, വിജയകുമാറിന് 10 ലക്ഷവും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ജനറൽ കൺവീനർ ടി.എസ്.റഷീദ് ,ഭാരവാഹികളായ ആർ.സി.നായർ, പി.എൻ.സത്യൻ,നിയാസ് എന്നിവർ പറഞ്ഞു. ഇതിന്റെ ഭാഗമായി മാർച്ച് 6 ന് മുണ്ടക്കയം ടൗണിലും, 7 ന് 21 വാർഡുകൾ കേന്ദ്രീകരിച്ചും ഭവനസന്ദർശനം നടത്തും. മുണ്ടക്കയം കാനറ ബാങ്കിൽ സമിതിയുടെ പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പർ 3477101008272 ഐ.എഫ്.എസ്.സി : CNRB303477.