
കട്ടപ്പന: ഇടുക്കി ജില്ലയ്ക്ക് 12,000 കോടി രൂപയുടെ വികസന പാക്കേജ് കട്ടപ്പനയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കൃഷി, വ്യവസായം, ടൂറിസം എന്നിവയുടെ വികസനം, പരിസ്ഥിതി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കൽ, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിങ്ങനെ 6 മേഖലകളിലായി ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പാക്കേജ് 'മിനി ബഡ്ജറ്റ്' ആയി വിലയിരുത്തപ്പെടുന്നു.
അഞ്ച് വർഷം കൊണ്ട് നടപ്പാക്കാൻ ലക്ഷ്യമിടുന്ന പാക്കേജിൽ രണ്ട് കാർഷിക സംസ്‌കരണ പാർക്കുകൾക്ക് 1000 കോടി അടക്കം 3260 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി വകയിരുത്തിട്ടുള്ളത്. ടൂറിസം 750 കോടി, ആശുപത്രികൾ 100 കോടി, വിദ്യാഭ്യാസ മേഖല 200 കോടി, കുടിവെള്ളം1100 കോടി, റോഡുകൾക്കും പാലങ്ങൾക്കും1500 കോടി, പട്ടികജാതി പട്ടികവർഗ ക്ഷേമത്തിനും തോട്ടം ലയങ്ങളുടെ വികസനത്തിനും1000 കോടി എന്നിങ്ങനെ തുക ചെലവഴിക്കും. പാക്കേജ് നടത്തിപ്പിനായി സ്‌പെഷ്യൽ ഓഫീസറെ നിയമിച്ച് ഓരോ മാസവും ആവലോകനം നടത്തും.
അതേസമയം 2019ലെ ബഡ്ജറ്റ് മറുപടി പ്രസംഗത്തിൽ പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജിനെക്കുറിച്ചോ 2020ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 1000 കോടിയെ സംബന്ധിച്ചോ പരാമർശമില്ല. പാക്കേജ് പ്രഖ്യാപന സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിന് മുഖ്യമന്ത്രി ഹെലിക്കോപ്ടറിലാണ് കട്ടപ്പനയിൽ എത്തിച്ചേർന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള തട്ടിപ്പാണ് പാക്കേജ് പ്രഖ്യാപനമെന്ന് ആരോപിച്ച് ഡീൻ കുര്യാക്കോസ് എം.പിയും യു.ഡി.എഫ് ജനപ്രതിനിധികളും ചടങ്ങ് ബഹിഷ്‌കരിച്ചു. യു.ഡി.എഫ്. ജില്ലയിൽ വഞ്ചനാദിനവും ആചരിച്ചു.