heat

കോട്ടയം: ജില്ലയില്‍ അന്തരീക്ഷ താപനില ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ചൂടു കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഇതു സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

മാര്‍ഗനിര്‍ദേശങ്ങള്‍

 രാവിലെ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്.

 ധാരാളം ശുദ്ധജലം കുടിക്കുകയും കൈയില്‍ കരുതുകയും ചെയ്യുക

 മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ഡ്രിങ്ക് എന്നിവ പകല്‍ ഒഴിവാക്കുക

 ഒ.ആര്‍.എസ്, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ നല്ലതാണ്

 അയഞ്ഞ, ഇളം നിറത്തിലുള്ള, കനം കുറഞ്ഞ പരുത്തി വസ്ത്രം ധരിക്കുക

 പുറത്തിറങ്ങുമ്പോള്‍ കഴിവതും കുടയോ തൊപ്പിയോ ഉപയോഗിക്കുക

 ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചയ്ക്ക് പാചകത്തില്‍ ഏര്‍പ്പെടരുത്.

 മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും കുടകള്‍ ഉപയോഗിക്കണം

 പുറംവാതില്‍ ജോലികൾ ചെയ്യുന്നവർ വെയിലില്ലാത്ത സമയം ക്രമീകരിക്കുക

 ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടരുത്, വെയിലത്തു കെട്ടിയിടരുത്.

 മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കഴിയുന്നത്ര ശുദ്ധജല ലഭ്യത ഉറപ്പാക്കണം.

 കുട്ടികളെയോ മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനത്തിൽ ഇരുത്തി പോകരുത്.

സൂര്യാഘാതമേറ്റാല്‍

 കട്ടിലിലോ തറയിലോ കിടത്തി കാറ്റ് നല്‍കണം.

 നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കണം

 വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നല്‍കാം

 അടിയന്തര ചികിത്സ ലഭ്യമാക്കണം