വൈക്കം : വൈക്കത്തെ വിവിധ സർക്കാർ സ്‌കൂളുകളുടെ നവീകരണത്തിനായി 6.22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കെ.ആശ എം.എൽ.എ അറിയിച്ചു. മടിയത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ : 2 കോടി, വടയാർ ഇളങ്കാവ് ഗവ. യുപി സ്‌കൂൾ : 2 കോടി, ഉല്ലല പി.എസ് ശ്രീനിവാസൻ സ്മാരക ഗവ. എൽപി സ്‌കൂൾ : 1.22 കോടി, വാഴമന ഗവ. എൽപി സ്‌കൂൾ : 1 കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ വൈക്കം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട തലയോലപ്പറമ്പ് എ.ജെ.ജോൺ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും ടി.വി പുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങൾ ഉയർന്നു. ഇതിനുപുറമെ വെച്ചൂർ ദേവീവിലാസം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും (മൂന്നു കോടി), മറവൻതുരുത്ത് ഗവ. യുപി സ്‌കൂളിലും (രണ്ടു കോടി) നേരേകടവ് ഗവ. ഹരിജൻ വെൽഫയർ എൽപി സ്‌കൂളിലും (1.19 കോടി) പുതിയ കെട്ടിട സമുച്ചയങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും. ഇതിന്റെ തുടർച്ചയെന്നോണമാണ് മണ്ഡലത്തിലെ മറ്റു സർക്കാർ സ്‌കൂളുകളിലും പുതിയ കെട്ടിട സമുച്ചയങ്ങൾക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിർമാണത്തിന് ഭരണാനുമതി ലഭിച്ച നാലു സ്‌കൂളുകളിലും പഴയ ശോച്യാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഹൈടെക് സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുച്ചയമായിരിക്കും നിർമിക്കുക. സാങ്കേതികാനുമതി ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമാണജോലികൾ ആരംഭിക്കുന്നതിന് അധികൃതർക്ക് നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.