പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും
ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലർ സി.ജി.രമേശിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് പ്രസിഡന്റ് ഗിരീഷ്‌കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രമേശിന്റെ ചികിത്സാവേളയിൽ സഹായത്തിനായി എത്തിയ ഭാര്യയോട് ചികിത്സിച്ച ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഭാര്യ പൊലീസിന് മൊഴി നല്കിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് കേസുകളാണ് എടുത്തിട്ടുള്ളതെന്നും പരാതിക്കാരിയുടെ മൊഴിരേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
കൊവിഡ് ബാധയെ തുടർന്ന് 8 നാണ് രമേശിനെ ചെത്തിപ്പുഴ സെന്റ്‌തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സ ഫലപ്രദമാകാതെ വന്നതോടെ ബന്ധുക്കൾ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രമേശിന് മറ്റ് രോഗങ്ങളുള്ളതായോ നില ഗുരുതരമാണെന്നോ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. തുടർന്ന് രോഗ വിവരം തേടി മരണദിവസമായ 18 ന് രാവിലെ യൂണിയൻ സെക്രട്ടറി നേരിട്ട് ആശുപത്രിയിൽ എത്തി. കോട്ടയം മെഡിക്കൽകോളേജിലേയ്ക്ക് മാറ്റുന്നതിനായി പി.ആർ.ഒയുമായി സംസാരിച്ചെങ്കിലും രോഗി വെന്റിലേറ്ററിലാണെന്ന കാര്യം അറിയിച്ചില്ല. അതീവ ഗുരുതരനിലയിലായ രോഗിക്ക് ജീവൻ നിലനിറുത്താനാവശ്യമായ സൗകര്യങ്ങൾ നൽകാതെ റഫർ ചെയ്‌തെങ്കിലും ചികിത്സയ്ക്കാവശ്യമായ വിവരങ്ങൾ നല്കാൻ പരിശോധിച്ച ഡോക്ടർ തയ്യാറായില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പി.എം.ചന്ദ്രൻ, സാലിച്ചൻ, അജയകുമാർ, സുബാഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അടിമുടി ദുരൂഹത, ഒളിപ്പിക്കുന്നതെന്ത്
ആശുപത്രിയിലേയ്ക്ക് മാറ്റാൻ എത്തിയപ്പോഴാണ് രോഗി വെന്റിലേറ്ററിലാണെന്നും അതിനാൽ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് വേണമെന്നും ആശുപത്രി അധികൃതർ പറഞ്ഞത്. രോഗിയെ സ്ട്രച്ചറിൽ കിടത്തി, മാസ്‌കോ, ഓക്സിജൻ സിലിണ്ടറോ, ഡോക്ടറുടെ സഹായമോ ഇല്ലാതെയാണ് സാധാരണ ആംബുലൻസിലേക്ക് മാറ്റിയത്. ബന്ധുക്കൾ ഇത് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും രോഗി മരിച്ചെന്ന വിവരമാണ് അറിഞ്ഞത്.
മുടന്തൻ ന്യായം, അന്വേഷണത്തിന് കമ്മിറ്റി
കൊവിഡ് ബാധിച്ച് ഗുരുതരമായി ശ്വാസതടസവും പനിയും ഉണ്ടായിരുന്ന രമേശ് ആശുപത്രിയിലെ ചികിത്സ ഫലപ്രദമായതോടെ സാധാരണ നിലയിലേയ്ക്ക് എത്തിയെന്നും വെന്റിലേറ്ററിലിരിക്കെ സമ്മതമില്ലാതെ ടോയ്‌ലെറ്റിൽ പോകുംവഴി കുഴഞ്ഞുവീഴുകയുമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വിദഗ്ദ്ധയായ നഴ്‌സിന്റെ സഹായത്തോടെയാണ് മെഡിക്കൽകോളേജിലേയ്ക്ക് അയച്ചത്. യാത്രമദ്ധ്യേ അസ്വസ്ഥതകളൊന്നും രോഗി പ്രകടപ്പിച്ചില്ലെന്നാണ് നഴ്‌സ് അറിയിച്ചത്. ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് ഡോക്ടർമാരടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ഡോക്ടറോട് ജോലിയിൽ നിന്ന് വിട്ടുനിൽക്കാ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.