പുതിയ ഡാം നിർമിക്കാൻ 250 കോടി ചെലവഴിക്കും.
കട്ടപ്പന: വികസന പാക്കേജിലൂടെ പുതിയ ഇടുക്കിയെ സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നതല്ല. വിജയകരമായി നടപ്പാക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. ഇടുക്കിയുടെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമാണ് 12,000 കോടിയുടെ പാക്കേജ്. ദാരിദ്ര്യ നിർമാർജനം, തൊഴിലില്ലായ്മയ്ക്ക് പരിഹാരം, പരിസ്ഥിതി സന്തുലിതാവസ്ഥ പുനസ്ഥാപിക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാർഷിക മേഖലയിൽ ബ്രാൻഡിംഗ്
കാർഷിക മേഖലയുടെ ബഡ്ജറ്റ് വിഹിതമായ 30 കോടി പ്രതിവർഷം 100 കോടിയായി ഉയർത്തും. മുട്ടത്ത് 250 ഏക്കറിൽ സ്‌പൈസസ് പാർക്ക് ഈവർഷം നിർമാണമാരംഭിക്കും. സുഗന്ധവിളകളും മൂല്യവർദ്ധിത സാധനങ്ങളും ഉത്പ്പാദിപ്പിക്കുന്ന സംരംഭർക്ക് വേണ്ടിയാണ് പാർക്ക്. 500 കോടി രൂപ കിൻഫ്ര നിക്ഷേപിക്കും. ഹൈറേഞ്ചിലെ സുഗന്ധവിളകൾ ബ്രാൻഡ് ചെയ്ത് രാജ്യത്തെ വിപണികളിലും വിദേശത്തും എത്തിക്കും.കാർബൺ ന്യൂട്രൽ പദ്ധതിക്ക് 100 കോടി വകയിരുത്തി. ഇതിനായി മരങ്ങൾ വച്ചുപിടിപ്പിക്കാൻ ട്രീ ബാങ്കിംഗ് പദ്ധതി രൂപീകരിക്കും. ഇതിനായി 250 കോടി വായ്പ ലഭ്യമാക്കും. സുഗന്ധ വ്യജ്ഞനങ്ങളിലെ വിഷാംശം കണ്ടെത്താൻ ലബോറട്ടറി, മൊബൈൽ ക്ലിനിക്കുകൾ എന്നിവ സ്ഥാപിക്കും. 25 കോടി ചെലവഴിച്ച് ഹരിതകർമ സേനകളുടെ പങ്കാളിത്തത്തോടെ ജൈവവള നിർമാണ യൂണിറ്റുകളും ഗുണനിലവാര പരിശോധനയ്ക്ക് ലബോറട്ടറിയും സ്ഥാപിക്കും. സഹകരണ സ്ഥാപനങ്ങളുടെ തേയില ഫാക്ടറികൾക്ക് നവീകരണത്തിന് 20 കോടി നൽകും. കാപ്പി, കൊക്കോ എന്നിവ ബ്രാൻഡ് ചെയ്യുകയും സംസ്‌കരിക്കാൻ കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികൾ സ്ഥാപിക്കുകയും ചെയ്യും. വനം, കൃഷി വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിവർഷം ഒരകോടി പഴവർഗ തൈകൾ തൊഴിലുറപ്പിലൂടെ നടും. ഇതിനായി നഴ്‌സറികൾ സ്ഥാപിക്കും.
മൂല്യമുള്ള വ്യവസായങ്ങൾ
ഹൈറേഞ്ചിൽ കെ.എസ്.ഐ.ഡി.സിയുടെ 500 കോടി ഉപയോഗിച്ച് ചെറുകിട സംരംഭകർക്കായി 250 ഏക്കറിൽ മെഗാ ഫുഡ് പാർക്ക് സ്ഥാപിക്കും. ഇവിടെ ചക്ക ഉപയോഗിച്ചുള്ള വിവിധ ഉത്പ്പന്നങ്ങൾ തയാറാക്കും. കാർഷിക സംസ്‌കരണത്തിന് പ്രത്യേക ഹാക്കത്തോൺ സംഘടിപ്പിക്കും. 100 സ്റ്റാർട്ടപ്പുകൾക്ക് സഹായവും 5000 യൂണിറ്റുകൾ ആരംഭിക്കുകയും ചെയ്യും. വായ്പയും സബ്‌സിഡിയുമായി 250 കോടി രൂപ ലഭ്യമാക്കും. പച്ചക്കറിപഴം സംഭരണ സംസ്‌കരണ ശാലകൾ ബ്ലോക്ക് തലത്തിൽ കാർഷിക സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ തുറക്കും. വട്ടവട, കാന്തല്ലൂർ, മറയൂർ മേഖലകളിലെ ശീതകാല പച്ചക്കറി സംഭരണം ഉറപ്പാക്കും.
പച്ചക്കറി തറവിലയ്ക്ക് 100 കോടിയും ചെലവഴിക്കും. മണ്ണ്ജല സംരക്ഷണത്തിന് നബാർഡിന്റെ സഹായത്തോടെ 250 കോടി ലഭ്യമാക്കും. പ്രളയബാധിത പ്രദേശങ്ങളുടെ വികസനത്തിന് 435 കോടി അനുവദിച്ചിട്ടുണ്ട്.
മൃഗപരിപാലനം
മൃഗസംരക്ഷണത്തിന് ചെലവഴിക്കുന്ന തുക 25 കോടിയായി ഉയർത്തും. സംരംഭകത്വ അടിസ്ഥാനത്തിൽ ഫാമുകളെ പ്രോത്സാഹിപ്പിക്കും. വെറ്ററിനറി സർവീസ് കേന്ദ്രങ്ങളിൽ മൊബൈൽ ക്ലിനിക്ക് ആരംഭിക്കും. ഡാമുകളിലും കുളങ്ങളിലും മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കും.
ടൂറിസം 'ഹൈ' റേഞ്ചിൽ
ഉത്തരവാദിത്വ ടൂറിസം മിഷനു കീഴിൽ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് 450 കോടി ചെലവഴിക്കും. 1000 ബാംബു കോട്ടേജുകൾക്ക് പലിശ സബ്‌സിഡിയോടെ വായ്പ ലഭ്യമാക്കും. ജില്ലയിൽ 100 ഫാം ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കും. കല, കരകൗശലം, സംസ്‌കാരം തുടങ്ങിയ ഉപജീവന പ്രവർത്തനങ്ങൾക്കായി 5000 പേർ പരിശീലനം നൽകും. . മൂന്നാറിൽ 100 കോടിയുടെ കെ.ടി.ഡി.സികെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ഹോട്ടലും 50 കോടിയുടെ ചരിത്ര മ്യൂസിയവും സ്ഥാപിക്കും. മൂന്നാറിൽ ട്രെയിൻ പുനസ്ഥാപിക്കും. വാഗമൺ, ഇടുക്കി, മലങ്കര എന്നിവിടങ്ങളിൽ ബോട്ടിംഗ് സൗകര്യം, റോപ്പ് വേ എന്നിവ ആരംഭിക്കും. പരുന്തുംപാറയിൽ ഗ്ലാസ് ബ്രിഡ്ജ്, മലങ്കരയിൽ മ്യൂസിക്കൽ ഫൗണ്ടൻ, രാമക്കൽമേട്ടിൽ ബഡ്ജറ്റ് അക്കോമഡേഷൻ ഹോട്ടൽ എന്നിവ സ്ഥാപിക്കും. അയ്യപ്പൻകോവിൽ തൂക്കുപാലം നവീകരിക്കും. സത്രം, ചെങ്കര, കുരിശുമല, തൂവൽ, അഞ്ചുരുളി എന്നിവിടങ്ങളിലെ ടൂറിസം വികസനം ഏറ്റെടുക്കും. ഇടുക്കി ഡാമിനോട് ചേർന്ന് അഡ്വഞ്ചർ പാർക്ക്ത്രിഡി തിയറ്റർഉദ്യാനത്തിന് 100 കോടി ചെലവഴിക്കും. ജില്ലാ ആസ്ഥാനത്ത് 50 കോടിയുടെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സ്ഥാപിക്കും.