കട്ടപ്പന: കാർഷിക മേഖലയ്‌ക്കൊപ്പം ഡിജിറ്റൽ മേഖലയും വളർത്താൽ ഇടുക്കിയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കൃഷിക്കും ടൂറിസത്തിനുമൊപ്പം സാങ്കേതിക വിദ്യകളും വളർച്ച കൈവരിക്കണം. കെ. ഫോൺ ഇന്റർനെറ്റ് സംവിധാനത്തിന് ഇടുക്കിയിൽ വലിയ സാദ്ധ്യതയുണ്ട്. സംസ്ഥാന തലത്തിൽ ജനസംഖ്യ 4.9 ശതമാനം ഉയർന്നപ്പോൾ ഇടുക്കിയിൽ 1.8 ശതമാനം കുറഞ്ഞു. അഭ്യസ്തവിദ്യരായ യുവജനങ്ങൾ തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് പോയി അവിടങ്ങളിൽ സ്ഥിരതാമസമാക്കുന്ന പ്രവണതയാണ്. ഇത് ജനസംഖ്യ വളർച്ചയെ പിന്നോട്ടാക്കി. യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയണമെങ്കിൽ ജില്ലയിൽ തൊഴിലവസരം കൂടുതലായി സൃഷ്ടിക്കണം. അതിനായി കൃഷി ഉൾപ്പെടെ പരമ്പരാഗത മേഖലയുടെ വളർച്ചയ്‌ക്കൊപ്പം ഡിജിറ്റൽ മേഖലയും വളരണം. വ്യവസായ നിക്ഷേപം വളരെ കുറഞ്ഞ ജില്ലയാണ് ഇടുക്കി. പരിസ്ഥിതിക്ക് ദോഷകരമായ വ്യവസായങ്ങൾ ജില്ലയ്ക്ക് യോജിച്ചതല്ല. ഇതിനു ബദൽ ഡിജിറ്റൽ വ്യവസായമാണെന്നും ധനമന്ത്രി പറഞ്ഞു. പാക്കേജ് പ്രഖ്യാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.