കട്ടപ്പന: മുഖ്യമന്ത്രി പ്രഖ്യാപിച്ച 12,000 കോടിയുടെ പുതിയ പാക്കേജ് നൂറ്റാണ്ടിലെ വലിയ തമാശയാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. മുമ്പ് പ്രഖ്യാപിച്ച 6000 കോടി രൂപയുടെ പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് പറയാതെ പുതിയ പാക്കേജ് പ്രഖ്യാപനം ജനങ്ങളുടെ ഓർമശക്തി പരീക്ഷിക്കലാണ്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രഖ്യാപനം. മുമ്പുള്ള പ്രഖ്യാപനങ്ങളിൽ പദ്ധതികൾ ആവിഷ്‌കരിക്കാനോ ഫണ്ട് വകയിരുത്താനോ കഴിഞ്ഞിട്ടില്ല. 15 കർഷക ആത്മഹത്യകളാണ് ഇടുക്കിയിലുണ്ടായത്. കൃഷിനാശമുണ്ടായവരുടെ കടം എഴുതി തള്ളാൻ പോലും നടപടിയുണ്ടായില്ല. പുതിയ പാക്കേജ് പ്രഖ്യാപിച്ചത് ആത്മാർത്ഥതയോടെയാണെങ്കിൽ മുൻ പാക്കേജുകൾ യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണം. പാക്കേജ് പ്രഖ്യാപനം പ്രകടന പത്രികയിൽ പറയേണ്ട കാര്യം മാത്രമാണ്. 3 ലക്ഷം കോടി പൊതുകടമുള്ള സംസ്ഥാനത്ത് ഒരു ജില്ലയ്ക്ക് മാത്രം പാക്കേജ് പ്രഖ്യാപിച്ചത് തട്ടിപ്പാണ്. എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി, ഡി.സി.സി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, അഡ്വ. കെ.ജെ. ബെന്നി, ജോയി പൊരുന്നോലി എന്നിവരും പങ്കെടുത്തു.