കുമരകം : കുമരകം ബസ് വേയ്ക്കായി വാങ്ങിയത് പഞ്ചായത്ത് പൊതുതോടു ഉൾപ്പടെയുള്ള വസ്തുവെന്ന് ആരോപണം. മൂന്ന് സെന്റ് തോടിനും പുറമ്പോക്കിനും പഞ്ചായത്ത് വില നൽകിയതായി കോൺഗ്രസ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറയുന്നു. കൂടാതെ 2005-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾക്കു വിരുദ്ധമായ വ്യവസ്ഥകളോടെയാണ് പതിനാലര സെൻ്റ് സ്ഥലം വാങ്ങിയതെന്നും ആക്ഷേപമുണ്ട്. കുമരകം ചന്തക്കവല ഭാഗത്തു നിലവിലുള്ള വില കൊടുത്താണ് വസ്തു വാങ്ങിയതെങ്കിലും ബസ് വേയ്ക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നാണ് വ്യവസ്ഥ. ഉടമയുടെ ബാക്കിയുള്ള സ്ഥലം വില്ക്കുമ്പോൾ വാങ്ങുന്ന ആൾക്ക് ബസ് വേയുടെ പടിഞ്ഞാറു ഭാഗത്തു കൂടി വാഹന ഗതാഗത യോഗ്യമായ വഴി കൊടുക്കണമെന്നും വ്യവസ്ഥയുണ്ട്. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നടത്തിയ വസ്തു കച്ചവടത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മുൻ ഭരണസമതി ബസ് വേയ്ക്കായി വാങ്ങിയ വസ്തുവിന്രെ ആധാരം പരിശോധിച്ച് അതിരുകൾ നിശ്ചയിച്ചപ്പോൾ കണ്ട ക്രമക്കേടുകൾ നിലവിലെ ഭരണസമിതി കൂടി ചർച്ച ചെയ്തെന്നും നിയമവശങ്ങൾ തേടി തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെന്നും പ്രസിഡന്റ് ധന്യ സാബു പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു.