
കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് കായികാദ്ധ്യാപകൻ മരിച്ചു. കുമളിയിലെ സ്വകാര്യ സ്‌കൂളിലെ കായികാദ്ധ്യാപകൻ വെൺമണി വെള്ളമരുതുങ്കൽ ബിജുവിന്റെ മകൻ ജെഫിനാ (26) ണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ കട്ടപ്പന വള്ളക്കടവ് കടമാക്കുഴിക്ക് സമീപം രത്‌നപ്പാറയിലായിരുന്നു അപകടം. കട്ടപ്പനയിലെ കേന്ദ്രത്തിൽ പി.എസ്.സി. പരീക്ഷ എഴുതി കുമളിക്ക് മടങ്ങുന്നതിനിടെ, കട്ടപ്പനയിലേക്ക് വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇതേ ബസിനടിയിലേക്ക് തെറിച്ചുവീണ ജെഫിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കട്ടപ്പന പൊലീസും അഗ്‌നിശമന സേനയും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.