madyam

തൊടുപുഴ: മദ്യപരുടെ ശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ഇടവെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട കൂവേക്കുന്ന് നിവാസികൾ. തൊണ്ടിക്കുഴ നടയം റോഡിൽ കൂവേക്കുന്നിന് മുകളിലെ ആളൊഴിഞ്ഞ സ്ഥലത്തും മരവെട്ടിച്ചുവട് റോഡ് ആരംഭിക്കുന്നതിന് സമീപത്തെ റോഡരികിലുമാണ് മദ്യപരുടെ വിളയാട്ടം. സ്ഥലത്ത് മദ്യ കുപ്പികളും വെള്ളകുപ്പികളും ഉപേക്ഷിച്ച നിലയിൽ കാണാം. രാത്രി എഴ് മുതൽ 11 വരെ ഇവിടെ മദ്യപാനികൾ സജീവമാണെന്ന് പ്രദേശവാസികൾ പറയുന്നു. ആൾതാമസമില്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കാറിലും മറ്റുമായി നിരവധി പേരാണ് ഇവിടെ എത്തി മദ്യപിക്കുന്നത്. മദ്യപാനികളെ ഭയന്ന് ഇത് ചോദ്യം ചെയ്യാനും നാട്ടുകാർ മടിക്കുകയാണ്. പ്രദേശത്ത് മുമ്പ് മദ്യപാനികളുടെ ശല്യം രൂക്ഷമായപ്പോൾ പൊലീസ് ഇടപെടലിനെ തുടർന്ന് ഇത് കുറഞ്ഞിരുന്നു. വാഹനങ്ങൾ നടുറോഡിൽ നിറുത്തിയിട്ട് ഗതാഗത തടസം ഉണ്ടാക്കുന്നത് മറ്റ് യാത്രക്കാർക്കും നാട്ടുകാർക്കും ശല്യമായതിനാൽ സംഭവത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. ഇവിടെ രാത്രികാലങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് തൊടുപുഴ എസ്‌.ഐ ബൈജു പി. ബാബു പറഞ്ഞു.