paadam

കുറിച്ചി: മുട്ടത്തുകടവ് പാടശേഖരത്ത് അനധികൃത നിർമ്മാണമെന്നാരോപിച്ച് ബി.ജെ.പി. നിയോജക മണ്ഡലം പ്രവർത്തകർ തടഞ്ഞു. കൃഷി ഇല്ലാത്ത ഏക്കറുകണക്കിന് പാടശേഖരത്ത് കരിമീൻ കൃഷിയുടെ പേരിൽ ആവാസവ്യവസ്ഥകളെ തകിടം മറിക്കാൻ ശ്രമിക്കുകയാണ്. ഇതിന് കുറിച്ചി പഞ്ചായത്ത് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശ ഉള്ളതായി ബി.ജെ.പി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ. മഞ്ജീഷ് ആരോപിച്ചു. സമീപത്തെ നിലങ്ങളിലെ കൃഷികളെ ബാധിക്കുന്ന രീതിയിൽ നിലംതാഴ്‌ത്തി കട്ടകുത്തി മറുഭാഗം ഉയർത്തുകയാണ്. കുറിച്ചി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമാണങ്ങൾ തുടരുകയായിരുന്നു. ജലക്ഷാമം നേരിടുന്ന കുറിച്ചിയിൽ തണ്ണീർത്തടങ്ങൾ നിലനിർത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അംഗം കെ.എൻ.മഞ്ജു, ബി.ജെ.പി. നേതാക്കളായ പി.കെ.ഗോപാലകൃഷ്ണൻ, ജി. കൃഷ്ണകുമാർ, പ്രശാന്ത് രവി, സബിൻ കുറിച്ചി, നിഖിൽ പാട്ടാശ്ശേരി, അനിൽ അനുഗ്രഹ, അജി ഇടനാട്ട് തുടങ്ങിയവർ പങ്കെടുത്തു.