
കോട്ടയം : ജില്ലയിൽ രണ്ടുസീറ്റ് മാത്രം നൽകി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ഒതുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ ഇടഞ്ഞ് ജോസഫ് വിഭാഗം. കറഞ്ഞത് നാല് സീറ്റെങ്കിലും വേണമെന്ന കടുത്ത നിലപാടിൽ ജോസഫ് ഉറച്ചു നിന്നതോടെ സീറ്റ് ചർച്ചയും വഴിമുട്ടി. ജോസഫ് വിഭാഗത്തിന് കോട്ടയത്ത് കാര്യമായ അണികളില്ലെന്നും പാർട്ടിയും ചിഹ്നവും ഹൈക്കോടതി വിധിയോടെ ജോസിന് അനുകൂലമായതും ഉയർത്തിക്കാട്ടിയാണ് സീറ്റ് കുറയ്ക്കാനുള്ള കോൺഗ്രസ് നീക്കം. മോൻസ് ജോസഫ് മത്സരിക്കുന്ന കടുത്തുരുത്തിക്ക് പുറമെ ഒരു സീറ്റ് കൂടി നൽകാനുള്ള ആൾബലമേ ജോസഫ് വിഭാഗത്തിന് കോട്ടയത്തുള്ളൂവെന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്.
കെ.എം.മാണിയും, പി.ജെ.ജോസഫും കേരള കോൺഗ്രസിൽ ഒന്നിച്ചുണ്ടായിരുന്നപ്പോൾ ആറ് സീറ്റായിരുന്ന് കോട്ടയത്ത് നൽകിയത്. ജോസും , ജോസഫും രണ്ട് ഗ്രൂപ്പായ് മാറിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച ആറ് സീറ്റും വേണമെന്ന നിലപാടിലായിരുന്നു ആദ്യഘട്ടത്തിൽ ജോസഫ്. പാലാ സീറ്റ് എൻ.സി.പി വിട്ടുവന്ന മാണി സി കാപ്പന് നൽകേണ്ടി വന്നതോടെ അഞ്ചു സീറ്റായി. പി.സി.ജോർജ് പൂഞ്ഞാറിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. മത്സരിച്ചാൽ ജോസഫ് വിഭാഗത്തിന്റെ അക്കൗണ്ടിൽ നിന്ന് ഒരു സീറ്റ് കൂടി കുറയും. ഒത്തുതീർപ്പിന്റെയും സീറ്റു വച്ചുമാറലിന്റെയും ഭാഗമായി കോൺഗ്രസിന് കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാമെന്ന നിലപാട് ജോസഫ് വിഭാഗത്തിനുണ്ട്. പാലാ വിട്ടു കൊടുത്തതുപോലെ ചങ്ങനാശേരി വിട്ടുകൊടുക്കാൻ ജോസഫ് ഒരുക്കമല്ല.
വിട്ടുവീഴ്ചയ്ക്കില്ല : ജോയ് എബ്രഹാം
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ കോട്ടയത്ത് രണ്ടുസീറ്റിൽ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്ന് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം പറഞ്ഞു. ഞങ്ങളുടെ കൂടി ചങ്കായ പാലാ വിട്ടു കൊടുത്തതോടെ അഞ്ചു സീറ്റ് വേണമെന്ന നിലപാടിൽ മാറ്റമില്ല. പാലായ്ക്ക് പുറമെ ചങ്ങനാശേരി കൂടി വിട്ടു കൊടുക്കാൻ കഴിയില്ല. സി.എഫ്. തോമസിന്റെ സിറ്റിംഗ് സീറ്റാണത്. ജോസഫ് വിഭാഗത്തിന് ജില്ലയിൽ ശക്തിയുണ്ടെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. അണികൾ ഇല്ലെന്ന് പ്രചരിപ്പിച്ച് സീറ്റ് കുറയ്ക്കാൻ നോക്കിയാൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.