മുണ്ടക്കയം : വീട് കയറി ആക്രമണത്തിൽ വയോധികയടക്കം മൂന്ന് പേർക്ക് പരിക്ക്. ഇഞ്ചിയാനി വടക്കുംമുറി ജീസ് (50), മാതാവ് ഏലിക്കുട്ടി (81), സഹോദരന്റെ മകൻ ജെയ്ഡൻ (19) എന്നിവർക്കാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10.15 ഓടെ കാറിലെത്തിയ സംഘം ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് സംഘമെത്തിയത്. ബഹളമുണ്ടാക്കിയാൽ കൊലപ്പെടുത്തുമെന്ന് സംഘം ഭീഷണി മുഴക്കി. മരക്കഷ്ണമുപയോഗിച്ചായിരുന്നു ആക്രമണം. ഇടുക്കി വണ്ടിപ്പെരിയാർ രജിസ്ട്രേഷൻ വാഹനത്തിലാണ് സംഘം എത്തിയത്. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മൂന്ന് പേരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കായി അന്വോഷണം ആരംഭിച്ചതായി മുണ്ടക്കയം പൊലീസ് അറിയിച്ചു.