
ആകെ മണ്ഡലങ്ങൾ -9, യു.ഡി.എഫ് -5, എൽ.ഡി എഫ്- 3, സ്വതന്തൻ-1
ജില്ല നിലവിൽ വലതിനൊപ്പം
യു.ഡി.എഫ്: കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി
എൽ.ഡി.എഫ്: ഏറ്റുമാനൂർ, വൈക്കം, കാഞ്ഞിരപ്പള്ളി
കേരള ജനപക്ഷം: പൂഞ്ഞാർ
കെ.എം.മാണിയെ മാത്രം വിജയിപ്പിച്ചിട്ടുള്ള പാലായിൽ അദ്ദേഹത്തിന്റെ മരണത്തോടെ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.സി.പിയിലെ മാണി.സി.കാപ്പനിലൂടെ എൽ.ഡി.എഫ് പാലാ പിടിച്ചെങ്കിലും ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തോടെ പാർട്ടി വിട്ട കാപ്പൻ കഴിഞ്ഞ 21ന് യു.ഡി.എഫ് പക്ഷത്തായി. ജോസ് കെ.മാണിക്കൊപ്പം ഡോ. എൻ.ജയരാജ് എം.എൽ.എ നിലയുറപ്പിച്ചപ്പോൾ സാങ്കേതികമായി കാഞ്ഞിരപ്പള്ളി എൽ.ഡി.എഫിലായി.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം.
കോട്ടയം, പത്തനംതിട്ട, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലായി കിടക്കുന്ന അസംബ്ലി നിയോജകമണ്ഡലങ്ങളിൽ വൈക്കം ഒഴികെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലെത്തി. ജോസ് കെ.മാണിക്കൊപ്പം തോമസ് ചാഴികാടൻ മുന്നണി മാറിയപ്പോൾ കോട്ടയം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫിലെത്തി.
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്
യു.ഡി.എഫിന്റെ കുത്തകയായിരുന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ജോസ് കെ.മാണിയുടെ വരവോടെ എൽ.ഡി.എഫ് പിടിച്ചടക്കി. നഗരസഭകൾ നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ആധിപത്യം.
9 നിയോജകമണ്ഡലങ്ങളിൽ കോട്ടയം ഒഴികെ എല്ലായിടത്തും ഇടത് മുന്നേറ്റം.
കേരളാ കോൺഗ്രസിന് കരുത്തുള്ളതാണ് ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളും. വാഴൂർ മണ്ഡലം ഇല്ലാതായി കാഞ്ഞിരപ്പള്ളിയിൽ ലയിച്ചെങ്കിലും കേരളാകോൺഗ്രസിനോടുള്ള അടുപ്പം വിട്ടില്ല. ഏറ്റുമാനൂർ മണ്ഡലം രൂപംമാറിയപ്പോൾ ഇടതിനോട് കൂടുതൽ അടുത്തു. ഇടത് കോട്ടയാണ് വൈക്കം. കോട്ടയത്ത് ഇടത് മുന്നണി ജയിച്ചിട്ടുണ്ടെങ്കിലും വലത്തോട്ടാണ് ചായ്‌വ്.
ക്രിസ്ത്യൻ, നായർ, ഈഴവ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഏറെയും. മലയോര മേഖലയിൽ ക്രൈസ്തവർക്കും ഈഴവർക്കും വ്യക്തമായ സ്വാധീനം. പടിഞ്ഞാറൻമേഖല ഈഴവർക്ക് ഏറെ സ്വാധീനം. ബി.ജെ.പി എ ക്ളാസ് മണ്ഡലമായി കരുതുന്നത് കാഞ്ഞിരപ്പള്ളിയാണ്.