pj-joseph

കോട്ടയം: ചെയർമാൻ പി.ജെ. ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ നിശ്ചയിച്ചിരുന്ന സീറ്റ് ചർച്ച മറ്റു ഘടകകക്ഷികളുമായുള്ള ചർച്ചക്കുശേഷം മതിയെന്ന് യു.ഡി.എഫ് നേതാക്കളെ അറിയിച്ച ജോസഫ് വിഭാഗം നേതാക്കൾ, സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറിമാരായ മോൻസ് ജോസഫും ജോയ് എബ്രഹാമുമാണ് ജോസഫിന്റെ നിലപാട് യു.ഡി.എഫ് നേതാക്കളെ അറിയിച്ചത്.

കോട്ടയം ജില്ലയിൽ നാലു സീറ്റുൾപ്പെടെ കുറഞ്ഞത് 11 സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് ജോസഫ്. കഴിഞ്ഞ തവണ 15 സീറ്റിലായിരുന്നു കേരള കോൺഗ്രസ് എം മത്സരിച്ചത്. പാലാ മാണി സി. കാപ്പനു നൽകിയതിനു പുറമേ ആലത്തൂർ, തളിപ്പറമ്പ് സീറ്റുകളും വിട്ടുകൊടുക്കും. പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി വച്ചുമാറണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ സീറ്റിലും അവകാശവാദം ഉന്നയിക്കും. വിട്ടുവീഴ്ച വേണ്ടി വന്നാൽ കോട്ടയത്ത് ഒരു സീറ്റ് കോൺഗ്രസിന് നൽകും. പാലാ കൊടുത്തതിനാൽ ചങ്ങനാശേരി വിട്ടു കൊടുക്കില്ല

അതേസമയം, 8- 9 സീറ്റുവരെ നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. കോട്ടയത്ത് നാലിന് പകരം രണ്ടു സീറ്റാണ് വാഗ്ദാനം. ഇതംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ജോസഫ്.

സാദ്ധ്യതാ ലിസ്റ്റായി

ജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ ജോസഫ് വിഭാഗം നടത്തിയ സർവേ പൂർത്തിയാക്കി ലിസ്റ്റും തയ്യാറിക്കി. തൊടുപുഴ- പി.ജെ. ജോസഫ്, കടുത്തുരുത്തി- മോൻസ് ജോസഫ്, ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ ഒഴികെയുള്ള സീറ്റുകളിലാണ് സർവേ നടന്നത്. ഒരു മണ്ഡലത്തിൽ മൂന്ന് സ്ഥാനാർത്ഥികളുടെ പേരുണ്ട്. അഞ്ച് മുൻ എം.എൽ.എമാരും ഒരു മുൻ എം.പിയും ലിസ്റ്റിൽ ഇടം നേടി. ഫ്രാൻസിസ് ജോർജിന്റെ പേര് മൂന്നിടത്തുണ്ട്.