പാലാ : നഗരസഭയിലെ വിവിധ പദ്ധതികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം വിനിയോഗിക്കാത്തതിനെതിരെ പ്രതിഷേധവുമായി മാണി സി കാപ്പൻ എം.എൽ.എ നഗരസഭ കാര്യാലയത്തിൽ എത്തി. ചെറിയാൻ ജെ കാപ്പൻ സ്മാരക സ്റ്റേഡിയത്തിൽ വോളിബോൾ കോർട്ട് (15 ലക്ഷം), പുലിയന്നൂർ പാലത്തിന് സമീപം വെയിറ്റിംഗ് ഷെഡ് (4 ലക്ഷം), ഊരാശാല കണ്ണമറ്റം റോഡ് (10 ലക്ഷം), പതീക്കുന്ന് കുടിവെള്ളപദ്ധതി (10 ലക്ഷം), മുരിക്കുംപുഴ തോണിക്കടവ് റോഡ് (ഒരു ലക്ഷം) എന്നീ പദ്ധതികൾക്കു എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടു മാസങ്ങളായെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. എസ്റ്റിമേറ്റ്‌പോലും എടുക്കാൻ നഗരസഭ തയ്യാറാകാത്തത് രാഷ്ട്രീയവിരോധമാണ്. ഇന്നലെ രാവിലെ പതിനൊന്നോടെ പ്രതിപക്ഷ കൗൺസിലർമാരായ പ്രൊഫ.സതീഷ് ചൊള്ളാനി, ജിമ്മി ജോസഫ്, വി.സി.പ്രിൻസ്, ലിജി ബിജു, സിജി ടോണി തോട്ടം, മായാ രാഹുൽ, ആനി ബിജോയി എന്നിവർക്കൊപ്പമാണ് കാപ്പൻ എത്തിയത്. മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹുവൈസിനോട് പദ്ധതി നടപ്പാക്കാത്തതിനെക്കുറിച്ച് എം.എൽ.എ വിശദീകരണം ആവശ്യപ്പെട്ടു. തുടർന്ന് സെക്രട്ടറി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പദ്ധതികൾ സംബന്ധിച്ച് ഉടൻ റിപ്പോർട്ടു തയ്യാറാക്കാൻ നിർദ്ദേശം നൽകി. പാലായുടെ വികസനത്തെ തടസ്സപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങളെ പൊതു സമൂഹം ചെറുത്തു തോൽപ്പിക്കുമെന്ന് കാപ്പൻ പറഞ്ഞു.
അലംഭാവം കാണിച്ചിട്ടില്ലെന്ന്
വോളിബോൾ കോർട്ടിന് എം.എൽ.എ അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിക്കുന്നതിന് യാതൊരു അലംഭാവവും കാണിച്ചിട്ടില്ലെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. നിയമപരമായി കൗൺസിലിന് ബാദ്ധ്യത വരാതെ തുക ചെലവഴിക്കും. എം.എൽ.എ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് ഒരു കാലതാമസവും വരുത്തില്ലെന്നും ഇപ്പോഴത്തെ പ്രതിഷേധം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.