മുണ്ടക്കയം : മുണ്ടക്കയം ടൗണിൽ നിരോധിത പാൻമസാല വില്പന സജീവമാകുമ്പോഴും എക്സൈസ് പരിശോധന നിർജീവമെന്ന് ആക്ഷേപം. കേരളത്തിൽ പാൻമസാലകൾ നിരോധിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവ കൂടുതലായി എത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് പത്തു രൂപയ്ക്ക് കിട്ടുന്ന ഒരു പായ്ക്കറ്റിന് മുണ്ടക്കയത്ത് 75 രൂപ മുതൽ 100 രൂപയ്ക്കാണ് വിൽക്കുന്നത്. മുണ്ടക്കയം പുത്തൻചന്തയിലാണ് വില്പന തകൃതി. അന്യസംസ്ഥാന തൊഴിലാളികളും, യുവാക്കളുമാണ് കൂടുതലായും പാൻമസാല ഉപയോഗിക്കുന്നത്. ഇതിന് പുറമെയാണ് കഞ്ചാവിന്റെ ഉപയോഗവും കൂടുന്നത്. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് കൂടി കിലോക്കണക്കിന് കഞ്ചാവാണ് ഒരു ദിവസം കടന്നു പോകുന്നത്. പച്ചക്കറിയുടെ മറവിലാണ് ഇവ കടത്തുന്നത്. മുൻകാലങ്ങളിൽ മുണ്ടക്കയം ടൗണിലും സമീപ പ്രദേശങ്ങളിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമായിരുന്നു. വാഹനമില്ലാത്തതാണ് പരിശോധന കാര്യക്ഷമമാകാത്തതിന് കാരണമായി എക്സൈസ് പറയുന്നത്.