election

കോട്ടയം: ഏപ്രിൽ 6ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളിൽ ഇനി തീ പാറും പോരാട്ടത്തിന്റെ നാളുകളായി.

കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി. എഫിലെത്തിയ ശേഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ കരുത്തിൽ ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞു. എൽ.ഡി.എഫ് അതു നിലനിറുത്താൻ ശ്രമിക്കുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പല്ല നിയമസഭാ തിരഞ്ഞെടുപ്പെന്ന് സ്ഥാപിക്കാനുള്ള ജീവന്മരണ പോരാട്ടമാകും യു.ഡി.എഫ് നടത്തുക.

കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി , കടുത്തുരുത്തി, വൈക്കം, പാല, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പോരാട്ടം നടക്കുക ഇരു മുന്നണികളും ആദ്യം സ്ഥാനാർത്ഥി പ്രഖാപനം നടത്തിയ പാലായിലായിരിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ. മാണിയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാണി സി. കാപ്പനും പ്രചാരണം തുടങ്ങി . ജോസിന്റെ നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടമാണിത്. പിടിച്ചു വാങ്ങിയ പാലാ സീറ്റിലെ ജയം സ്വന്തം പാർട്ടിയുടെയും ജോസിന്റെയും നിൽനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. സിറ്റിംഗ് സീറ്റ് ലഭിക്കാത്തതിന് ഇടതു മുന്നണി വിട്ടു എതിർ ചേരിയിൽ പോയ രാഷ്ട്രീയ നിലപാട് ശരിയോ എന്നു തെളിയിക്കുന്ന പോരാട്ടം കാപ്പനും പ്രധാനമാണ്.

മുഖ്യമന്ത്രിയായേക്കാമെന്ന പ്രതീക്ഷിക്കുന്ന ഉമ്മൻചാണ്ടി ഏറ്റവും കൂടുതൽ കാലം ഒരു മണ്ഡലത്തിൽ ജയിച്ച ജനപ്രതിനിധി എന്ന റെക്കാ‌ഡിനാണ് പുതുപ്പള്ളിയിൽ പോരാടുന്നത്. ജോസഫ് ഗ്രൂപ്പിലെ രണ്ടാമനായ മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ നിന്ന് ജയിച്ചേ പറ്റൂ. കഴിഞ്ഞ തവണ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ മോൻസിന് ഒരു തോൽവി രാഷ്ട്രീയ ഭാവിയെ ബാധിക്കും. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജ്, വൈക്കത്ത് സി.കെ.ആശ എന്നിവർ മത്സരിക്കും.

പി.സി.ജോർജ് പൂഞ്ഞാറിൽ മത്സരരംഗത്തുണ്ടാവും. യു.ഡി.എഫിലോ എൻ.ഡി.എയിലോ എന്നാണ് ഇനി അറിയേണ്ടത്. എൻ.ഡി.എ സ്ഥാനാർത്ഥികൾ ആരൊക്കെ എന്ന കാര്യത്തിൽ തീരുമാനമായില്ല . മുൻ കേന്ദ്ര മന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം , പി.സി തോമസ് എന്നിവർ എൻ.ഡി.എ സ്ഥാനാർത്ഥികളായേക്കും.

വാസവനും സുരേഷ് കുറുപ്പിനും കടമ്പ

ഏറ്റുമാനൂരിൽ രണ്ടു തവണ തുടർച്ചയായി ജയിച്ച സുരേഷ് കുറുപ്പ് വീണ്ടും മത്സരിക്കണമെങ്കിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാലും സി.പി.എം ജില്ലാ സെക്രട്ടറി ആയതിനാലും സ്ഥാനാർത്ഥി പരിഗണനയിലുള്ള വി.എൻ.വാസവനും പാർട്ടിയുടെ പ്രത്യേക അനുമതി ലഭിച്ചാലേ മത്സരിക്കാനാവൂ.