ചക്കാമ്പുഴ : ചക്കാമ്പുഴ പുൽപ്രമുക്ക് ബൈപാസ് റോഡിൽ തടി കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് പതിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും സംരക്ഷണഭിത്തി കെട്ടാൻ നടപടിയായില്ല. വളവുകളും ഇറക്കവുമായി പൊതുവെ യാത്ര ദുഷ്‌കരമായ ഇവിടെ റോഡ് ഇടിയുക കൂടി ചെയ്തതോടെ അപകടങ്ങൾ പതിവായി. വിഷയം നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽപ്പെടുത്തി റോസിന്റെ വശംകെട്ടാൻ തീരുമാനിക്കുകയും രണ്ട് ലോഡ് കല്ലിറക്കുകയും ചെയ്തു. എന്നാൽ കല്ലിറക്കി മാസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തിയുടെ നിർമ്മാണം ആരംഭിക്കാനായില്ല. ഇപ്പോൾ കൂനിൻമേൽ കുരുപോലെയായി കാര്യങ്ങൾ. കുത്തനെയുള്ള ഇറക്കം ഇറങ്ങി വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ ഈ കരിങ്കൽ കൂനയിൽ ഇടിച്ചു കയറി അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്.

എളുപ്പവഴി പക്ഷെ അപകടമുനമ്പ്
അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ വഴി ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്ന ബൈപാസ് കൂടിയാണ്. ഗൂഗിൾ മാപ്പിലും കൂത്താട്ടുകുളത്തിനുള്ള എളുപ്പവഴിയായി കാണിക്കുന്നത് ഈ വഴിയാണ്. വഴി പരിചയമില്ലാതെ ഗൂഗിൾ മാപ്പ് നോക്കി വരുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.