കട്ടപ്പന: നഗരസഭ കൗൺസിലർമാർ ബഹിഷ്‌കരിച്ചതിനെ തുടർന്ന് മാറ്റിവച്ച ഐ.സി.ഡി.എസ്. ബോധവത്കരണ പരിപാടി ഒടുവിൽ സംഘടിപ്പിച്ചു. ഐ.സി.ഡി.എസ്. കട്ടപ്പന പ്രൊക്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 17ന് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും നഗരസഭയിൽ നിന്ന് കൗൺസിലർമാരെ അറിയിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഭൂരിഭാഗം പേരും വിട്ടുനിന്നതോടെ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. അംഗൻവാടികളുടെ വികസനം, വനിതശിശു വികസന വകുപ്പ് പദ്ധതികൾ, പോഷകാഹാരം, പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി ലഭ്യമാകുന്ന വിവിധ സേവനങ്ങൾ എന്നിവയെക്കുറിച്ച് കൗൺസിലർമാർക്ക് അവബോധം നൽകുന്നതിനാണ് ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. തുടർന്ന് നഗരസഭയുമായി കൂടിയാലോചിച്ച് കഴിഞ്ഞ 17ന് നടത്താൻ തീരുമാനിച്ചു. എന്നാൽ നഗരസഭയിൽ നിന്ന് യഥാസമയം കൗൺസിലർമാരെ വിവരമറിയിച്ചിരുന്നില്ല. ഇതറിയാതെ ഐ.സി.ഡി.എസ്. അധികൃതർ നഗരസഭ കോൺഫറൻസ് ഹാളിൽ ഒരുക്കങ്ങളും നടത്തിയിരുന്നു. അന്നേദിവസം കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കൗൺസിലർമാർ പരിപാടിയെക്കുറിച്ച് അറിയുന്നത്. മുൻകൂട്ടി അറിയിക്കാത്തതിൽ പ്രതിഷേധിച്ച് ഭൂരിഭാഗം പേരും വിട്ടുനിന്നതോടെ പരിപാടി മാറ്റുകയായിരുന്നു. തുടർന്ന് യഥാസമയം നോട്ടീസ് നൽകി ഇന്നലെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജാൻസി ബേബി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. കാഞ്ചിയാർ സൂപ്പർവൈസർ പി.കെ. രമ ക്ലാസെടുത്തു. കൗൺസിലർമാരായ സാലി കുര്യാക്കോസ്, മായ ബിജു, സിബി പാറപ്പായി, സുധർമ മോഹനൻ, സിജു ചക്കുംമൂട്ടിൽ, ഐ.സി.ഡി.എസ്. കട്ടപ്പന പ്രൊജക്ട് സൂപ്പർവൈസർ കെ.കെ. രാധാമണി, അംഗൻവാടി ജീവനക്കാരി ഒ.എ. ലീലാമ്മ എന്നിവർ പങ്കെടുത്തു.