ktdc

വൈക്കം : വേമ്പനാട്ട് കായലോരത്തെ കെ.ടി.ഡി.സിയുടെ വൈക്കം മോട്ടൽ ആരാമിൽ ഒരു ഇരുനില റസ്റ്റോറന്റ് ഒരുങ്ങുന്നു. കെ.എസ്.ആർ.ടി.സിയുടെ ബസ് രൂപമാറ്റം വരുത്തിയാണ് റസ്റ്റോറന്റ് ആസൂത്രണം ചെയ്യുന്നത്. ഇരുനിലകളുള്ള റെസ്റ്റോറന്റിന്റെ താഴത്തെ നില പൂർണമായും എയർ കണ്ടീഷൻ ചെയ്തതും രണ്ടാം നില ഓപ്പൺ ഡെക്കുമാണ്.

വൈക്കത്ത് എത്തുന്ന ടൂറിസ്റ്റുകൾക്ക് എല്ലാ തരത്തിലുമുള്ള ഭക്ഷണവും വിളമ്പാൻ കഴിയും വിധമാണ് റെസ്റ്റോറന്റ് ഒരുക്കുന്നത്. 50 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സാധിക്കുന്ന റസ്റ്റോറന്റ് ഏപ്രിലോടെ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. കരമാർഗവും കായൽ മാർഗവും വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് എത്താൻ കഴിയുന്ന കേരളത്തിലെ അപൂർവം കെ.ടി.ഡി.സി മോട്ടലുകളിൽ ഒന്നാണിത്. (മോട്ടോർ വാഹന യാത്രികർക്കായുള്ള ഹോട്ടൽ എന്ന അർത്ഥത്തിലാണ് ഇത്തരം ഹോട്ടലുകളെ മോട്ടലുകൾ എന്ന് വിളിക്കുന്നത്).

ടൂറിസം സാദ്ധ്യതകൾ ഏറെയുള്ള വൈക്കത്ത് ദീർഘവീക്ഷണമുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന നാടിന്റെ ആവശ്യം കൂടിയാണ് യാഥാർത്ഥ്യമാവുന്നത്.