a
കുമരകം കോണത്തറ്റു പാലത്തിനടിയിൽ ജലഗതാഗതത്തിന് തടസമായി വളർന്നു പന്തലിച്ച പുല്ല്

കുമരകം : വീതി കുറഞ്ഞ കോണത്താറ്റ് പാലത്തിൽ വാഹന കുരുക്ക് മാർഗതടസം സൃഷ്ടിക്കുന്നതിനൊപ്പം പാലത്തിനടിയിൽ തോട്ടിൽ വളർന്നു തിങ്ങിയ പുൽകൂട്ടം ജലഗതാഗതത്തിനും വെല്ലുവിളിയാകുന്നു. കോട്ടത്തോടിന്റെ ഭൂരിഭാഗവും പുല്ല് കൈയ്യടക്കിയിരിക്കുകയാണ്. പാലത്തിന്റെ വടക്കുവശത്തായി പ്രവർത്തിച്ചിരുന്ന തടി മില്ലിലെ തടികൾ തോട്ടിൽ കേടാകാതെ സൂക്ഷിച്ചിരുന്നതിനാൽ വള്ളങ്ങൾ തോടിന്റെ പടിഞ്ഞാറുവശം ചേർന്നാണ് സഞ്ചരിച്ചിരുന്നത്. തടി മില്ല് പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും ജലഗതാഗതം പഴയ പടി തന്നെ തുടർന്നു. ഇതോടെ തോട്ടരികിൽ നിന്ന് വളർന്നിറങ്ങിയ പുല്ല് തോട്ടിലാകെ പടരുകയായിരുന്നു.

മത്സ്യബന്ധനത്തിനും വെല്ലുവിളി

മോട്ടോർ ബോട്ടുകൾ സഞ്ചരിച്ചിരുന്ന തോട്ടിലൂടെ മത്സ്യബന്ധന വള്ളങ്ങൾക്ക് പോലും സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. ഗ്രാമീണ ടൂറിസം വളരണമെങ്കിൽ ഗതാഗത യോഗ്യമായ റോഡും തോടും ആവശ്യമാണെന്ന് പറയുന്ന അധികാരികൾ നിലവിലുള്ള തോടും റോഡും പോലും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികളും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ആക്ഷേപം.