
ചങ്ങനാശേരി: സ്വകാര്യ വ്യക്തികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നതായി പരാതി. സി.പി.എം ചങ്ങനാശേരി ഏരിയ കമ്മറ്റി അംഗവും നഗരസഭ കൗൺസിലറുമായ പി.എ നിസാർ, സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം ആർ.എസ്. സതീശൻ എന്നിവരുടെ സ്വകാര്യ അക്കൗണ്ടുകൾ ഹാക്ക് ചെയ്താണ് ഇവരുടെ സുഹൃത്തുക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 10ഓടെ ഹാക്ക് ചെയ്യപ്പെട്ട നിസാറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മെസജർ വഴി ഇയാളുടെ സുഹൃത്തുക്കൾക്ക് ഹായ് എന്നും ഹലോ എന്നും മെസേജുകൾ അയച്ചു. ഹാക്ക് ചെയ്യപ്പെട്ട സതീശന്റെ അക്കൗണ്ടിൽ നിന്നും വെള്ളിയാഴ്ച്ച രാവിലെ മുതൽ മെസേജർ വഴി സുഹൃത്തുക്കൾക്ക് സമാനരീതിയിൽ സന്ദേശം അയച്ചു. രാത്രിയിൽ നിസാറിന്റെ അക്കൗണ്ടിൽ നിന്നും മെസജിലൂടെ അത്യാവശ്യമാണെന്നും ആശുപത്രിയിലാണെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. രാത്രി ആയതിനാൽ നേരിട്ട് എത്തിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അക്കൗണ്ടിൽ എത്ര രൂപയുണ്ട് അതിൽ നിന്നും പതിനായിരം രൂപ ഗൂഗിൾപേ വഴി അയച്ചു തരണമെന്ന് സന്ദേശത്തിലൂടെ ഹാക്കർ ആവശ്യപ്പെടുകയായിരുന്നു. സമാന രീതിയിൽ ചെറുതും വലുതുമായ തുക ചോദിച്ചുകൊണ്ട് കൂടുതൽ സുഹൃത്തുക്കൾക്ക് മെസേജ് ലഭിച്ചതോടെ സുഹൃത്തുക്കൾ നിസാറിനെ ഫോണിൽ വിളിച്ചു. സുഹൃത്തുക്കളുടെ ഫോൺകോളുകൾ എത്തിയതോടെയാണ് നിസാർ വിവരമറിയുന്നത്. താൻ ആർക്കും മെസേജ് അയച്ചിട്ടില്ലെന്നും തന്റെ ഫേസ് ബുക്ക് അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുന്നത് നിസാറിനും സുഹൃത്തുക്കൾക്കും മനസിലായത്. രാത്രിയിൽ തന്നെ നിസാറും സുഹൃത്തുക്കളും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി. നേരം പുലരുവോളം ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും പണം ചോദിച്ചുകൊണ്ടുള്ള മെസേജുകൾ പോയിരുന്നു. സമാന സംഭവമാണ് സി.ഐ.ടി.യു നേതാവിനും ഉണ്ടായത്. ചങ്ങനാശേരി സെൻട്രൽ യൂണിറ്റിൽ പണിയെടുക്കുന്ന സതീശന്റെ അക്കൗണ്ടിൽ പണം ആവശ്യപ്പെട്ടുകൊണ്ട് സമാന രീതിയിൽ എത്തി. നേരത്തെ ഹാക്ക് ചെയ്യപ്പെട്ട നിസാറിന്റെ അക്കൗണ്ടിൽ നിന്നും സതീശനും മെസേജ് ചെന്നിരുന്നതിനാൽ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചതിനാൽ പണം നഷ്ടപ്പെട്ടില്ല. ഇരുവരുടെയും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുവാനോ പാസ് വേഡ് മാറ്റുവാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആരും ചതിയിൽ വീഴരുതെന്നും ഇരുവരും പറഞ്ഞു. സമാന രീതിയിലുള്ള കേസുകൾ വേറെയുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.