chuva

കോട്ടയം: യു.ഡി.എഫ് പ്രവേശനം നിഷേധിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ വീണ്ടും ഒറ്റയ്ക്ക് പൊരുതാൻ പി.സി.ജോർജ്. അവസാന ചർച്ചയിലും ജോർജിനെ വേണ്ടെന്ന നിലപാട് യു.ഡി.എഫ് എടുത്തതോടെയാണ് ഇന്നലെ രാവിലെ ജനപക്ഷം പി.സി.ജോർജിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങളും മറ്റ് നിയോജക മണ്ഡലങ്ങളിലെ നിലപാടുകളും മാർച്ച് 3 ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് ജോർജ് പറഞ്ഞു. ജനപക്ഷം (സെക്യുലർ) ചെയർമാൻ ഇ.കെ.ഹസൻകുട്ടിയാണ് ജോർജിന്റെ പേര് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 27821 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോർജ് വിജയിച്ചത്. നിലവിൽ ബി.ഡി.ജെ.എസ് മത്സരിക്കുന്ന പൂഞ്ഞാറിൽ പി.സി.ജോർജ് വന്നാൽ സ്വീകരിക്കാമെന്നാണ് ബി.ജെ.പി നിലപാട്. എൻ.ഡി.എയുമായി ചർച്ച നടത്തിയിട്ടില്ലെന്നും പൂഞ്ഞാറിൽ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ജോർജ് പറഞ്ഞു. പാലാ, കാഞ്ഞിരപ്പളളി സീറ്റുകളിലും സ്ഥാനാർഥിയെ നിറുത്താനാണ് ജനപക്ഷത്തിന്റെ ആലോചന. പാലായിൽ ഷോൺ ജോർജിനെയാണ് പരിഗണിക്കുന്നത്.

പാരവച്ചത് ഉമ്മൻചാണ്ടി

'' എൽ.ഡി.എഫുമായി ചർച്ച നടത്തിയിട്ടില്ല. തത്കാലം മറ്റ് മുന്നണികളുമായി ചർച്ച നടത്തില്ല. ട്വന്റി 20 മാതൃക വിപുലീകരിക്കും. അവരുമായി ചർച്ച നടത്തി. ആരു പിന്തുണച്ചാലും സ്വീകരിക്കും. യു.ഡി.എഫിൽ ചേരാൻ ആഗ്രഹിച്ചു. ഉമ്മൻ ചാണ്ടിയാണ് പാരവച്ചത്. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കുഞ്ഞാലിക്കുട്ടിയും അനുകൂലിച്ചിരുന്നു''.

-പി.സി. ജോർജ്