
കോട്ടയം : വിജയയാത്ര മാർച്ച് രണ്ടിന് ജില്ലയിലെത്തുമ്പോൾ ആദ്യസ്വീകരണ സ്ഥലമായ കുറവിലങ്ങാട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ സ്വാഗതം ചെയ്യുന്നത് മാർഗംകളിയുടെ അകമ്പടിയിൽ.
രാവിലെ 10ന് കുറവിലങ്ങാട് മാർഗം കളിയുടെയും, പൂത്താലങ്ങളുടേയും, അകമ്പടിയിൽ ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ വിജയ യാത്രയെ സ്വീകരിക്കുമെന്ന് ജില്ലാ അദ്ധ്യക്ഷൻ അഡ്വ. നോബിൾമാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. പാലാ, പൊൻകുന്നം, മണർകാട്, ചങ്ങനാശേരി, തുടങ്ങിയ അഞ്ച് കേന്ദ്രങ്ങളിലെ സമ്മേളനങ്ങൾക്ക് ശേഷം വൈകിട്ട് ആറിന് തിരുനക്കര മൈതനത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ജില്ലയിലുടനീളം നിശ്ചല ദൃശ്യങ്ങളും, കരകാട്ടവും ,പഞ്ചവാദ്യമുൾപ്പെടെയുള്ള വാദ്യഘോഷങ്ങളും, ആയിരക്കണക്കിന് സ്ത്രീകൾ അണിനിരക്കുന്ന താലപ്പൊലിയും യാത്രയെ സ്വീകരിക്കാൻ സംഘടിപ്പിച്ചിട്ടുണ്ട്. കെ.സുരേന്ദ്രനോടൊപ്പം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പ്രഭാത ,ഉച്ചഭക്ഷണ, അത്താഴ വിരുന്നുകളും ക്രമപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ആറ് സമ്മേളനങ്ങളിൽ സി.പി. രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ, അൽഫോൻസ് കണ്ണന്താനം, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭൻ എന്നിവർ. സംസാരിക്കും. പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.വി ഉണ്ണികൃഷ്ണൻ,ജി.ലിജിൻ ലാൽ എന്നിവർ പങ്കെടുത്തു.