കോട്ടയം: സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനെ പുറത്താക്കി പുതിയ ഭരണസമിതിക്ക് രൂപം കൊടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രക്ഷാധികാരിയും മുൻ ട്രഷററുമായിരുന്ന ഡോ.കെ.ആർ.സുകുമാരപിള്ള പ്രസിഡന്റായും മുൻ വൈസ് പ്രസിഡന്റ് പി.ആർ.വിശ്വനാഥൻ നായരെ ജനറൽ സെക്രട്ടറിയായും ആലപ്പുഴ ജില്ലാ പ്രസി‌ഡന്റ് അജയകുമാറിനെ ട്രഷറായും പുതിയ സമിതി ചുമതലപ്പെടുത്തി. പെരുമുറ്റം രാധാകൃഷ്ണന്റെ അഴിമതിയും ഏകാധിപത്യവും മൂലം സംഘടനയുടെ ശക്തി ക്ഷയിച്ചു. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. ഭരണഘടന ലംഘിച്ച് കണക്കും മിനിറ്റ്സും അവതരിപ്പിക്കാതെ പെരുമുറ്റം രാധാകൃഷ്ണൻ ഒരു കോടിയോളം രൂപ സംഘടനയ്ക്ക് ബാദ്ധ്യതയുണ്ടാക്കിയെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രസിഡന്റ് ഡോ.കെ.ആർ.സുകുമാരപിള്ള, ജനറൽ സെക്രട്ടറി പി.ആർ.വിശ്വനാഥൻ നായർ, അജയകുമാർ, പ്രസന്നകുമാരി ടീച്ചർ, പുതുക്കരി സുരേന്ദ്രനാഥ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.