
കോട്ടയം: സർക്കാരിന് ആവശ്യമുള്ളപ്പോൾ മന്നത്തിനെ നവോത്ഥാന നായകനാക്കി ഉയർത്തിക്കാട്ടുകയും അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് മന്നത്തിന്റെ ആരാധകർ തിരിച്ചറിയുന്നുണ്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധി ദിനത്തിൽ ദേശാഭിമാനി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂർ സത്യഗ്രഹ കമ്മിറ്റിയുടെയും പ്രചാരണ കമ്മിറ്റിയുടെയും നായകനായി തിരഞ്ഞെടുക്കപ്പെട്ടത് മന്നത്തുപത്മനാഭനായിരുന്നു. എന്നാൽ 2018 മേയ് 8ന് ഉദ്ഘാടനം ചെയ്ത സത്യഗ്രഹ സ്മാരകത്തിൽ മന്നത്തിന്റെ പേരുചേർക്കാനോ അദ്ദേഹത്തെ ഓർക്കാനോ സർക്കാർ തയ്യാറാകാതിരുന്നത് അധാർമ്മികവും ബോധപൂർവവുമായ അവഗണനയുമാണ്. ഇടതുപക്ഷ സർക്കാരിന്റെ ഈ ഇരട്ടത്താപ്പുനയം എൻ.എസ്.എസ് തിരിച്ചറിയുന്നുണ്ടെന്ന കാര്യം ബന്ധപ്പെട്ടവർ ഓർക്കണം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഉറവിടം എന്തെന്ന് എല്ലാവർക്കും മനസിലാക്കാവുന്നതേയുള്ളൂവെന്നും സുകുമാരൻ നായർ പറഞ്ഞു.