car

കോട്ടയം : ആവശ്യത്തിന് പൗച്ചുകൾ ലഭിക്കാത്തതിനാൽ പുതിയ വാഹനങ്ങളുടെ ആർ.സി ബുക്ക് വിതരണം ജില്ലയിൽ വൈകുന്നു. അയ്യായിരത്തോളം ആർ.സി ബുക്കുകളാണ് കെട്ടിക്കിടക്കുന്നത്. പതിനായിരത്തോളം പൗച്ചുകൾ ആവശ്യമുള്ളപ്പോൾ ആയിരത്തിൽ താഴെ പൗച്ചുകൾ മാത്രമാണ് ജില്ലയിൽ എത്തിച്ചിരിക്കുന്നത്.

കെൽട്രോണുമായാണ് മോട്ടോർവാഹന വകുപ്പ് പൗച്ചിനായി കരാർ ഏർപ്പെട്ടിരിക്കുന്നത്. കരാർ കാലാവധി കഴിഞ്ഞതോടെ രണ്ടുമാസമായി പൗച്ചിന് ക്ഷാമം നേരിടുകയാണ്. പുതുതായി രജിസ്റ്റർ ചെയ്‌തിരിക്കുന്ന വാഹനങ്ങൾക്കും, ആർ.സി ബുക്കുകളുടെ ഡ്യൂപ്ലിക്കേറ്റ് എടുത്തവർക്കുമാണ് ഇതിന്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്. ഒരു ദിവസം ശരാശരി 100 മുതൽ 300 വരെ പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്.

ഇതുവരെ ലഭിച്ചത് ആയിരം പൗച്ച് മാത്രമാണ്. പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വി.എം ചാക്കോ,ആർ.ടി.ഒ


ആശ്വാസ പദ്ധതികൾ
നാലു വർഷത്തിലേറെ കാലയളവിൽ വാഹനങ്ങളുടെ നികുതി അടയ്ക്കാത്തവർക്ക് ആശ്വാസ പദ്ധതിയുമായി മോട്ടോർവാഹനവകുപ്പ്. 2016 മാർച്ച് 31 മുൻപ് ഉപയോഗശൂന്യമാകുകയോ, നശിച്ചു പോകുകയോ ചെയ്ത വാഹനങ്ങൾക്കാണ് ഇളവ് ലഭിക്കുക. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് മൊത്തം കുടിശികയുടെ 30 ശതമാനവും, നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനം മാത്രം അടച്ചു ജപ്തിയിൽ നിന്നും നിയമനടപടികളിൽ നിന്നും ഒഴിവാകാം. ഗ്രീൻ ടാക്‌സും, ആർ.സി തൊഴിലാളി ക്ഷേമനിധി വിഹിതം എന്നിവ അടയ്ക്കുന്നവർക്ക് രസീത് ഒഴിവാക്കി നൽകുന്നതാണ്. റവന്യു റിക്കവറി നടപടി നേരിടുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.