bus

കോട്ടയം : കൊവിഡ് പ്രതിസന്ധിയ്‌ക്ക് പിന്നാലെ അമിതമായി ഇന്ധന വില കൂടി വർദ്ധിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിൽ. ലോക് ഡൗൺ കാലയളവിൽ കഴിഞ്ഞ വർഷം ആറു മാസത്തോളമാണ് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതിരുന്നത്. ഇതിന് പിന്നാലെയാണ് ഒൻപതു മാസത്തിനിടെ ഡീസലിന് 21 രൂപ കൂടി വർദ്ധിച്ചത്. 750 ൽ താഴെ സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് പുന:രാരംഭിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വകാര്യബസുകളിലെ യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതായി സ്വകാര്യ ബസ് ഉമടകളുടെ സംഘടനകൾ പറയുന്നു.

നികുതിയിലും ഇരുട്ടടി

ഇന്ധനവില വർദ്ധനവിനെ കൂടാതെ നികുതിയിലും വൻവർദ്ധനവ് ഉണ്ടായി. 16 രൂപ വരെ നികുതി വർദ്ധിപ്പിച്ചിട്ടും കേന്ദ്ര-സംസ്ഥാനങ്ങൾ ഇളവ് നൽകാൻ തയ്യാറായിട്ടില്ല. ഇന്ധന വിലയും, തൊഴിലാളികളുടെ ശമ്പളവും കഴിയുമ്പോൾ ഓരോ ദിവസവും സർവീസ് നടത്താൻ കടം പറയേണ്ട അവസ്ഥയിലാണ് ഉടമകൾ.

മാർച്ച് 1 ന് സായാഹ്നധർണ

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നികുതി നിരക്കുകൾ കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ മാർച്ച് 1 ന് വൈകിട്ട് 4 ന് നാഗമ്പടം ബസ് സ്റ്റാൻഡിൽ സായാഹ്ന ധർണ നടത്തും.രണ്ടിന് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിലും പങ്കെടുക്കും.

ഇന്ധന നികുതി കുറയ്‌ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം.

കെ.എസ് സുരേഷ്

ജനറൽ സെക്രട്ടറി