pc

കോട്ടയം : യു.ഡി.എഫ് പ്രവേശനം അടഞ്ഞ അദ്ധ്യായമായതോടെ ഒറ്റയ്ക്ക് പൂഞ്ഞാറിൽ സ്ഥാർത്ഥിത്വം പ്രഖ്യാപിച്ച പി.സി.ജോർജിനെ പൂട്ടാൻ ഇക്കുറി മുന്നണികൾ ആരെ സ്ഥാനാർത്ഥിയാക്കുമെന്നതാണ് പ്രധാന ചർച്ച. കഴിഞ്ഞ തവണ മൂന്ന് മുന്നണികളെയും ഒറ്റയ്ക്ക് വെല്ലുവിളിച്ച് മൂലയ്ക്കിരുത്തി നെഞ്ചും വിരിച്ച് നിയമസഭയിലെത്തിയ ജോർജിന് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് എതിരാളുടെ വിശ്വാസം. അതിനാൽ കരുത്തരെ ഇറക്കിയാൽ പൂഞ്ഞാറിൽ കൊടിപാറിക്കാമെന്ന വിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

ഒരു മുന്നണിയുടേയും പന്തുണയില്ലാതിരിന്നിട്ടും 27821 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ജോർജിനെ വരിഞ്ഞു മുറുക്കാൻ സുവാർണാവസരമായാണ് ഇക്കുറി മുന്നണികൾ കാണുന്നത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണത്തിൽ സജീവമായ ജോർജിനൊപ്പമെത്താൻ എത്രയും വേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. കഴിഞ്ഞ തവണ ജോർജിന് ലഭിച്ച ഭൂരിപക്ഷം ഇക്കുറി ലഭിക്കില്ലെങ്കിലും താൻ ഇതുവരെ സഹായിച്ച പൂഞ്ഞാറുകാർ തിരിച്ചും സഹായിക്കുമെന്ന വിലയിരുത്തലാണ് ജോർജിന്. മകൻ ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നേടിയ തിളക്കമാർന്ന വിജയവും ജോർജിന് ആത്മവിശ്വാസം നൽകുന്നു.

 വെല്ലുവിളിയും പ്രതീക്ഷയും

കഴിഞ്ഞ തവണ ഒന്നടങ്കം ഒപ്പം നിന്ന മുസ്ളിംസമുദായം ഇക്കുറി ജോർജിന് എതിരാണ്. എൻ.ഡി.എയിൽ ഇടയ്ക്ക് ചേർന്നതും അവസാനം രാമക്ഷേത്രത്തിന് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാമാണ് കാരണം. ഈരാറ്റുപേട്ട നഗരസഭയിലും എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലും മുസ്ലിം വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ ജോർജ് പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഹിന്ദു, ക്രിസ്ത്യൻവോട്ടുകൾ തുണച്ചാൽ അട്ടിമറി പ്രതീക്ഷിക്കാം. ഫ്രാങ്കോ വിഷയമടക്കം സഭാനുകൂല നിലപാടും ശബരിമല, രാമക്ഷേത്രം എന്നിവയിലെ നിലപാടും വോട്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ട് ജോർജിന്.

ആരാകും എതിരാളികൾ

എൽ.ഡി.എഫിവും, യു.ഡി.എഫിലും പൂഞ്ഞാർ സീറ്റ് ആർക്കെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. പൂഞ്ഞാർ സീറ്റിന് വേണ്ടി കോൺഗ്രസും ജോസ്, ജോസഫ് വിഭാഗങ്ങളും കാഞ്ഞിരപ്പള്ളിയ്ക്ക് പകരമെന്ന നിലയിൽ സി.പി.ഐയും ആവശ്യമുന്നയിച്ചിട്ടുണ്ട്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന്റേതാണ് സീറ്റ്. കഴിഞ്ഞ തവണ ദുർബല സ്ഥാനാർത്ഥി മത്സരിച്ചതാണ് യു.ഡി.എഫ് ഏറെ പിന്നാക്കം പോകാൻ കാരണമെങ്കിൽ ഇക്കുറി സീറ്റ് ഏറ്റെടുക്കണെന്ന നിലപാടാണ് കോൺഗ്രസിന്. ഒടുവിൽ ജോസഫ് അയഞ്ഞാൽ ടോമി കല്ലാനി കൈപ്പത്തി ചിഹ്നത്തിൽ പൂഞ്ഞാറിലെത്തും. സി.പി.ഐയ്ക്ക് കോട്ടയമെന്ന ധാരണയിലെത്തിയാൽ ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കലോ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസ് കുട്ടിയോ മത്സരിക്കും. രണ്ട് പേരും മണ്ഡലത്തിൽ സജീവമാണ്. ബി.ഡി.ജെ.എസിൽ കഴിഞ്ഞ തവണ മത്സരിച്ച എം.ആർ.ഉല്ലാസ്,​ ലാലിറ്റ് എസ്.തകടിയേൽ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. അദ്ധ്യാപകനായ ഉല്ലാസിന് മത്സരിക്കാൻ നിലവിൽ ഹൈക്കോടതി വിധി തടസമാണ്. സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ അംഗീകരിച്ചാൽ ഉല്ലാസാവും സ്ഥാനാർത്ഥി.

2016ലെ ചിത്രം

പി.സി.ജോർജ് (കേരള ജനപക്ഷം) : 63621

 ജോർജ് കുട്ടി അഗസ്തി (കേരള കോൺഗ്രസ് എം) : 35800

പി.സി.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) : 22270

 എം.ആർ.ഉല്ലാസ് (ബി.ഡി.ജെ.എസ്) : 19966