puliyanmala
നിര്‍മാണം പാതിവഴിയില്‍ നിലച്ച പുളിയന്‍മലയിലെ വിശ്രമകേന്ദ്രം.

കട്ടപ്പന: അയ്യപ്പഭക്തർക്കായി പുളിയൻമലയിൽ നിർമാണമാരംഭിച്ച വിശ്രമകേന്ദ്രത്തിന്റെ പണികൾ നിലച്ചിട്ട് മൂന്ന് വർഷം പിന്നിടുന്നു. ഒരുനിലയുടെ അവസാനഘട്ട നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ഫണ്ടില്ലാത്തതിനാൽ പണികൾ അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ ശുചിത്വ മിഷൻ 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമാണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അതിർത്തി കടന്നെത്തുന്ന ഇതര സംസ്ഥാന ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ പ്രയോജനപ്പെടേണ്ടിയിരുന്ന ഇടത്താവളമാണ് നഗരസഭയുടെ അനാസ്ഥയിൽ അനാഥമായി കിടക്കുന്നത്. നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമാണ് കെട്ടിടം.
ഒരു കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന വിശ്രമ കേന്ദ്രത്തിന് 2017ലെ ബഡ്ജറ്റിൽ 15 ലക്ഷം രൂപ വകയിരുത്തി. പുളിയൻമലയിൽ വനം വകുപ്പ് ആഫീസിന് സമീപത്തായി പ്രദേശവാസി സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് ആദ്യഘട്ട നിർമാണം ആരംഭിക്കുകയും ചെയ്തു. ഒരുനിലയുടെ നിർമാണം അവസാനഘട്ടത്തിലെത്തിയിരുന്നു. ഇതിനിടെ അന്നത്തെ നഗരസഭാദ്ധ്യക്ഷൻ മനോജ് എം. തോമസ് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞു. പിന്നീടുള്ള ബഡ്ജറ്റുകളിൽ തുക ഉൾപ്പെടുത്താത്തതിനെ തുടർന്ന് നിർമാണം നിലയ്ക്കുകയായിരുന്നു. അയ്യപ്പൻമാർക്ക് വിരിവയ്ക്കാനായി ഹാൾ, നാല് ഷട്ടറുകൾ, ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം നിർമിക്കാനായിരുന്നു പദ്ധതി. ഇപ്പോൾ പരിസരമാകെ കുറ്റിക്കാടുകൾ വളർന്നതോടെ മദ്യപസംഘങ്ങളുടെ താവളമായി ഇവിടം മാറിക്കഴിഞ്ഞു.


'തീർത്ഥാടകരെ അവഗണിക്കുന്നു'

പുളിയൻമലയിലെ വിശ്രമകേന്ദ്രം പൂർത്തീകരിക്കാത്തത് ശബരിമല തീർത്ഥാടകരോടുള്ള അവഗണന കൊണ്ടാണെന്ന് ബി.ജെ.പി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ് പറഞ്ഞു. പുളിയൻമലയുടെ വികസനത്തിന് സഹായകരമാകുന്ന പദ്ധതിയുടെ പൂർത്തീകരണത്തിന് ഫണ്ട് അനുവദിക്കാത്തത് നഗരസഭയുടെ വീഴ്ചയാണ്. അയ്യപ്പഭക്തരെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.