ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലർ രമേശിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്നും ചെത്തിപ്പുഴ ആശുപത്രിയിൽ രമേശിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി യൂണിയൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. വാഴൂർ റോഡിൽ എസ്.ബി സ്‌കൂളിന് മുൻവശത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നൂറുകണക്കിന് സമുദായ പ്രവർത്തകർ പ്രതിഷേധമാർച്ചിൽ പങ്കെടുത്തു. ചങ്ങനാശേരി ഡിവൈ.എസ്.പി ജോഫിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. തുടർന്ന് നടന്ന പ്രതിഷേധധർണ യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായവർക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ സൂചനാ സമരം വൻ പ്രക്ഷോഭമായി മാറുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത എ.ജി തങ്കപ്പൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, സെക്രട്ടറി സുരേഷ് പരമേശ്വരൻ, നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത്, വനിതാസംഘം താലൂക്ക് പ്രസിഡന്റ് ശോഭ ജയചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം അനിൽ കണ്ണാടി തുടങ്ങിയവർ സംസാരിച്ചു. യൂണിയനിലെ 59 ശാഖകളിലെയും ഭാരവാഹികൾ, വൈദിക സമിതി അംഗങ്ങൾ, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ, കേന്ദ്രസൈബർ സേന ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.