
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉപയോഗിക്കുന്നതിന് ഈ മാസം കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന പൂർത്തിയായി. മഹാരാഷ്ട്രയിൽ നിന്ന് തൃശൂരിൽ എത്തിച്ചിരുന്ന 190 യന്ത്രങ്ങളാണ് തിരുവാതുക്കലിലെ ഇ.വി.എം വെയർ ഹൗസിൽ കൊണ്ടുവന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എൻജിനിയർമാരുടെ സാങ്കേതിക മേൽനോട്ടത്തിലായിരുന്നു പരിശോധന. തെലങ്കാനയിൽനിന്ന് എത്തിച്ച യന്ത്രങ്ങളുടെ പരിശോധന നേരത്തെ പൂർത്തിയായിരുന്നു. ആകെ 3456 ബാലറ്റ് യൂണിറ്റുകളും 3157 കൺട്രോൾ യൂണിറ്റുകളും 3406 വി.വി പാറ്റ് മെഷീനുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. റിസർവ് യന്ത്രങ്ങൾ ഉൾപ്പെടെ 3008 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 3248 വി.വി പാറ്റുകളുമാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിന് ആവശ്യമുള്ളത്.