പാലാ: അപകടം പതിവാണീ ജംഗ്ഷനിൽ... ആശുപത്രി അടുത്തുള്ളതിനാൽ പ്രാഥമിക ചികിത്സ പെട്ടെന്ന് നൽകാൻ കഴിയും. പക്ഷേ അതുകൊണ്ട് എന്തുകാര്യം. ജീവൻ കൈയിൽപ്പിടിച്ചേ ഇതുവഴി യാത്ര പറ്റൂ. പറഞ്ഞുവരുന്നത് ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പള്ളി മാർ സ്ലീവാ മെഡിസിറ്റി ജംഗ്ഷനിലെ കാര്യമാണ്. ഇവിടം അപകടമേഖലയായിട്ട് നാളുകളായെങ്കിലും അധികാരികൾക്ക് കുലുക്കമില്ല.
ദിനംതോറും നിരവധി അപകടങ്ങളാണുണ്ടാകുന്നത്. ഇപ്പോൾ മെഡിസിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൂടി പ്രവർത്തനം ആരംഭിച്ചതോടെ ഇവിടേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും എത്തുന്നത്. ഹൈവേയിൽ ഏറ്റുമാനൂർ ഭാഗത്ത് നിന്നും, പാലാ ഭാഗത്ത് നിന്നും ഒപ്പം മാർ സ്ലീവാ മെഡിസിറ്റിയുടെ ഭാഗത്തുനിന്നും വാഹനങ്ങൾ ഒരേസമയം വരുന്നതോടെ ജംഗ്ഷനിലാകെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. അപകട സൂചക ബോർഡുകൾ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. ചേർപ്പുങ്കൽ പഴയവഴിയിൽ നിന്നും വാഹനങ്ങൾ കൂടി എത്തുന്നതോടെ ഈ നാൽക്കവല സദാസമയവും ഗതാഗത തിരക്കിലാണ്. ഇവിടെ ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്ന് മെഡിസിറ്റി ആശുപത്രി അധികൃതരും ചേർപ്പുങ്കൽ പള്ളി അധികാരികളും ചേർപ്പുങ്കലിലെ വ്യാപാരികളും പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ജംഗ്ഷനിൽ ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ മാണി സി.കാപ്പൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ജോസ്.കെ. മാണി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും ചേർപ്പുങ്കൽ പള്ളിയിലേക്ക് നിരവധി ഭക്തർ എത്തുന്നുണ്ട്. ആ ദിവസം മാത്രമേ നിലവിൽ ട്രാഫിക് പൊലീസിന്റെ സേവനമുള്ളൂ.
ഹൈവേയിലെ മാർ സ്ലീവാ മെഡിസിറ്റി ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ അടിയന്തിരമായി ട്രാഫിക് പൊലീസിനെ നിയോഗിക്കണം. അപകട സൂചക ബോർഡുകളും സ്ഥാപിക്കണം. ഇതു സംബന്ധിച്ച് ജനപ്രതിനിധികൾക്ക് നിവേദനം നൽകിയിട്ടുണ്ട്.
റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ
മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ