 
കട്ടപ്പന: രണ്ട് മാസത്തിലധികമായി ശമ്പളം മുടങ്ങിയതോടെ 108 ആംബുലൻസിലെ ഡ്രൈവർമാരും നഴ്‌സിംഗ് ജീവനക്കാരും അനിശ്ചിതകാല അവധിയിൽ പ്രവേശിച്ചു. കൊവിഡ് കാലത്ത് മുഴുവൻ സമയവും സേവനമനുഷ്ഠിച്ചുവരുന്ന ജീവനക്കാർക്ക് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. ആംബുലൻസിന്റെ കരാർ ഏറ്റെടുത്തിട്ടുള്ള ഹൈദ്രാബാദ് ആസ്ഥാനമായുള്ള ജി.വി.കെ. എമർജൻസി മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനി 67 ദിവസത്തെ വേതനമാണ് ജീവനക്കാർക്ക് നൽകാനുള്ളത്. ആംബുലൻസുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താറില്ല. കൂടാതെ സുരക്ഷ ഉപകരണങ്ങൾ കൃത്യസമയത്ത് മാറ്റി സ്ഥാപിക്കാനും നടപടിയില്ല. സംസ്ഥാനത്ത് 315 ആംബുലൻസുകളാണ് വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇടുക്കിയിലെ 15 ആംബുലൻസുകളും 24 മണിക്കൂർ സേവനം നൽകുന്നവയാണ്.
കളക്ടർക്കാണ് 108 ആംബുലൻസിന്റെ ചുമതല. ഡി.എം.ഒയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. വേതനം യഥാസമയം ലഭ്യമാക്കുന്നതിൽ ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കൊവിഡ് ചികിത്സ കേന്ദ്രങ്ങളിൽ വിശ്രമമില്ലാത്ത സേവനമാണ് ജീവനക്കാർ അനുഷ്ഠിക്കുന്നത്. കൂടാതെ ജനുവരിയിൽ കട്ടപ്പന വാഴവരയ്ക്ക് സമീപം കെ. ഫോൺ ലൈൻ വലിക്കൽ ജോലിക്കിടെ ഷോക്കേറ്റ് വീണ കെ.എസ്.ഇ.ബി. ജീവനക്കാരനെ രക്ഷപ്പെടുത്തിയത് ഇതുവഴിയെത്തിയ 108 ആംബുലൻസ് ജീവനക്കാർ ആയിരുന്നു.
ബേസിക് ലൈഫ് സപ്പോർട്ട് എന്ന കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച ഡ്രൈവർമാർക്കും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്കുമാണ് ജി.വി.കെ. കമ്പനി നിയമനം നൽകിയത്. എന്നാൽ ഓഫർ ലെറ്റർ അല്ലാതെ നിയമന ഉത്തരവുകളോ കോഴ്‌സിന്റെ സർട്ടിഫിക്കറ്റുകളോ ഇവർക്ക് നൽകിയിട്ടില്ല. എന്നാൽ കോഴ്‌സിന്റെ ഫീസായി നഴ്‌സിംഗ് ജീവനക്കാരിൽ നിന്നു 15,000 രൂപയും ഡ്രൈവർമാരിൽ നിന്നു 10,000 രൂപയും മുമ്പ് വേതനത്തിൽ നിന്നു ഈടാക്കിയിരുന്നു.
തന്നാലും മുഴുവനുണ്ടാകില്ല
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് 21,000 രൂപയും ഡ്രൈവർമാർക്ക് 16,500 രൂപയുമാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പല മാസങ്ങളിലും മുഴുവൻ തുകയും ജീവനക്കാർക്ക് ലഭിക്കാറില്ല. 21ാം തീയതി മുതൽ അടുത്ത മാസത്തെ 20ാം തീയതി വരെയാണ് വേതന കാലയളവായി കണക്കാക്കുന്നത്.