കൂട്ടിക്കൽ :ചപ്പാത്ത് പാലത്തിന് സമീപം വഴിവിളക്കുകൾ ഇല്ലാത്തത് രാത്രികാല യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിർമാണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രം തറനിരപ്പിൽ നിന്നും താഴ്ന്നത് മൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.
മുണ്ടക്കയം ഇളങ്കാട് റോഡിൽ ഇടുക്കി ജില്ലയിലെ കൊക്കയാർ പ്രദേശത്തേക്ക് വഴി രണ്ടായി തിരിയുന്ന കവലയാണ് ചപ്പാത്ത്. മറ്റ് എല്ലാ പ്രദേശങ്ങളിലും വഴിവിളക്കുകളുണ്ട്. പക്ഷേ, ചപ്പാത്ത് ബസ് കാത്തിരിപ്പ് കേന്ദ്രവും സമീപ പ്രദേശവും രാത്രിയായാൽ ഇരുട്ടിലാകും. പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർ, ജോലി സ്ഥലത്തു പോകാനായി എത്തുന്നവരും മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ഇവിടെ നിൽക്കുന്നത്. കവലയായതിനാൽ ചെറിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം.