അടിമാലി: ലൈസൻസ് പുതുക്കാനെത്തിയ വീട്ടമ്മയെ അപമാനിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പൊലീസ് കേസ്. അടിമാലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജനെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പ് ഉൾപ്പെടുത്തി അടിമാലി പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഇഷ്ടിക കളത്തിന്റെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 നാണ് വാളറ സ്വദേശിനിയായ വീട്ടമ്മ അടിമാലി പഞ്ചായത്ത് ആഫീസിൽ എത്തുന്നത്. സെക്രട്ടറിയെ കണ്ട് വിവരം പറയാൻശ്രമിച്ചതോടെ തന്നെ അപമാനിക്കുന്ന വിധത്തിൽ സെക്രട്ടറി സംസാരിക്കുകയും കൈയ്യേറ്റം ചെയ്‌തെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാട്ടി വീട്ടമ്മ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതി അന്വേഷണത്തിനായി അടിമാലി സി.ഐ സി.എസ്. ഷാരോൺ പഞ്ചായത്ത് സെക്രട്ടറിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയെ സെക്രട്ടറി പൊലീസിനോട് സഹകരിക്കാതെ ഇറങ്ങി പോയെന്ന് സി.ഐ പറയുന്നു. തുടർന്ന് പൊലീസ് വീട്ടമ്മയെ മജിട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാളറയിൽ അനധികൃതമായി തോട് കൈയേറി കെട്ടിടം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് രജിസ്ട്രർ നോട്ടീസ് അയച്ചിട്ട് കൈപ്പറ്റാത്തതും കെട്ടിട നികുതി അടയ്ക്കാത്തതുമാണ് ലൈസൻസ് പുതുക്കി നൽകാതെ ഇരുന്നതെന്ന് സെക്രട്ടറി പറഞ്ഞു. അവരെ കൈയേറ്റം ചെയ്യുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും അന്നുതന്നെ സി.സി ടി.വി ദൃശ്യവും പരിശോധിച്ച് സ്ത്രീയുടെ പരാതി അടിസ്ഥാന രഹിതമാണന്ന് പൊലീസ് അറിയച്ചതായി സെക്രട്ടറി പറഞ്ഞു. തുടർന്ന് ഇന്നലെ അടിമാലി സ്റ്റേഷനിൽ എത്തിയ സെക്രട്ടറിയോട് സി.ഐ പക്ഷപാതപരമായി പ്രവർത്തിക്കുകയായിരുന്നെന്നും സെക്രട്ടറി പറഞ്ഞു.