പാലാ: പാലായുടെ പുരോഗതി മാത്രമാണ് തന്റെ ലക്ഷ്യമെന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. ഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല. എം.എൽ.എ എന്ന നിലയിൽ ജനത്തോടൊപ്പം നിന്നു പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്കു പിടിച്ചെടുത്തു നൽകിയത് അനീതിയാണെന്നും കാപ്പൻ പറഞ്ഞു. പാലായിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ കുറ്റപ്പെടുത്തുന്നവർ യു.ഡി.എഫ് വോട്ടു വാങ്ങി വിജയിച്ച ജോസ് വിഭാഗം മുന്നണി മാറിയത് ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണ്. കാഞ്ഞിരപ്പള്ളി സീറ്റ് സിറ്റിംഗ് സീറ്റ് വാദമുയർത്തി വാങ്ങുന്നവർ പാലായുടെ കാര്യത്തിൽ അതേവാദം പറയുന്നില്ല. അർഹതപ്പെട്ട സീറ്റ് നിഷേധിച്ചത് അനീതിയാണ്. പുതിയകക്ഷികൾ ഒരു മുന്നണിയിലേയ്ക്ക് വരുമ്പോൾ പഴയ കക്ഷികൾ വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുന്നപോലെ തന്നെ വരുന്ന പുതിയകക്ഷികളും വിട്ടുവിട്ടുവീഴ്ച ചെയ്യേണ്ടതാണ്. മറ്റൊരു കക്ഷിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുന്നതിൽ എന്തു ധാർമ്മികതയാണുള്ളതെന്നു മാണി സി കാപ്പൻ ചോദിച്ചു.
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം പാലായിൽ നിരന്തരം പ്രവർത്തിച്ചു വരികയാണ്. പാലാക്കാരാണ് തന്റെ ശക്തിയെന്നു മാണി.സി കാപ്പൻ പറഞ്ഞു.