ചിറക്കടവ്: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം പ്ലാച്ചേരി റോഡ് നിർമ്മാണ കമ്പനിയുടെ വാളക്കയത്തെ ഡീസൽ ടാങ്ക് ചോർന്ന് സമീപത്തെ കിണർ ജലം മലിനമായതായി പരാതി. കിണറിലെ ജലത്തിന് ദുർഗന്ധവും നീലനിറവുമായി. വാളക്കയം നഗരൂർ ചൂരപ്പാടി സിബിച്ചന്റെ കിണറാണ് മലിനമായത്. വേനൽക്കാലത്ത് സമീപവാസികൾ ഈ കിണറിനെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.
മുമ്പ് യാർഡിലെ മാലിന്യങ്ങൾ കുഴിച്ചുമൂടിയതിനെ തുടർന്ന് കിണർ വെള്ളം മലിനമായിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
സംഭവമറിഞ്ഞ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർമാൻ ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ,ഗ്രാമപഞ്ചായത്തംഗം സിന്ധു ദേവി, ആരോഗ്യ പ്രവർത്തകർ , മണിമല പൊലീസ്, ശ്രീധന്യ കമ്പനി പ്രതിനിധികൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി എടുത്തു. കമ്പനി പ്രതിനിധികൾ പുതിയ കിണർ നിർമ്മിച്ചു നല്കാമെന്ന് അറിയിച്ചിട്ടുണ്ട്.