chethak

കോട്ടയം : ഭീകരത്തലവൻ ബിൻലാദനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ബെൽജിയൻ മെലനോയീസ് വിഭാഗത്തിപ്പെട്ട നായ 'ചേതക്ക് " ഇനി ജില്ലാ പൊലീസിന്റെ കെ 9 സ്ക്വാഡിന് സ്വന്തം. പഞ്ചാബിൽ നിന്ന് എത്തിയ ചേതക്ക് ഒരു വർഷം നീണ്ട പരിശീലനം പൂർത്തിയാക്കിയാണ് ജില്ലയിലേക്കെത്തിയത്. കള്ളന്മാരെയും അക്രമികളെയും ഓടിച്ചിട്ട് പിടിക്കാനുള്ള പരിശീലനം നേടിയ ട്രാക്കർ വിഭാഗത്തിലാണ് ചേതക്കിന് നിയമനം.

ജില്ലാ പൊലീസിൽ ആദ്യമായാണ് ബെൽജിയൻ മെലനോയിസ് വിഭാഗത്തിൽപ്പെട്ട നായ എത്തുന്നത്. രണ്ടുമാസം പ്രായമുള്ളപ്പോഴാണ് ചേതക്ക് പൊലീസ് സേനയിൽ പരിശീലനത്തിനായി എത്തിയത്. തൃശൂർ പൊലീസ് അക്കാഡമിയിലെ ഒരു വർഷം നീണ്ട പരിശീലനം പൂർത്തിയാക്കിയ ചേതക്ക് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നൽകി പാസിംഗ് ഔട്ട് പരേഡിലൂടെ പുറത്തിറങ്ങിയത്. ഹാൻഡ്‌ലർമാരായ കെ.പി ബിനോയ്, വി.ജെ ജോസഫ് എന്നിവരുടെ കൈപിടിച്ച് എത്തിയ ചേതക്ക് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയെ സല്യൂട്ട് ചെയ്‌താണ് ചേതക്ക് ജില്ലാ പൊലീസിന്റെ ഭാഗമായത്.

മിടുമിടുക്കൻ

മറ്റു ബ്രീഡുകളെ അപേക്ഷിച്ച് കാര്യങ്ങൾ വേഗത്തിൽ ചെയ്യുന്നതും, അനുസരണാശേഷിയുമാണ് ബെൽജിയം മെലനോയിസിന്റെ കരുത്ത്. ശരീരം കൊണ്ട് മെലിഞ്ഞവനെങ്കിലും ആക്രമണത്തിലും വന്യതയിലും കരുത്തനാണ്. കൃത്യമായി മണം പിടിച്ച് ആക്രമണം നടത്തുന്നതിനും, പരിശീലകന്റെ ഉത്തരവ് ലഭിച്ചാൽ എവിടെയും ചാടിക്കടക്കുന്നതിനും ഇവന് സാധിക്കും.

ശ്വാനസേനയിൽ ഏഴുപേർ

ജില്ലാ സ്ക്വാഡിൽ നിലവിൽ ആറുപേരാണുള്ളത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട ജിൽ, രവി, ബെയ്‌ലി, ഡോൺ എന്നിവർ കോട്ടയം എ.ആർ ക്യാമ്പിലും, പാലാ സബ് ഡിവിഷനിൽ ലാബ്രഡോർ ഇനത്തിൽപ്പെട്ട റീനയും റോക്കിയും. ചേതക്ക് കൂടി എത്തിയതോടെ ഏഴംഗങ്ങളായി. നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ബി.അനിൽകുമാറിന്റെ മേൽനോട്ടത്തിൽ എ.എസ്.ഐ കെ.വി.പ്രേംജിയ്ക്കാണ് കെ 9 സ്‌ക്വാഡിന്റെ ചുമതല.