bus

കോട്ടയത്ത് ഏറെ തിരക്കുള്ള ചന്തയ്ക്കകത്തുകൂടി ഇനി ബസ് സർവീസ് നടത്തി നാട്ടുകാരുടെ നെഞ്ചത്ത് വണ്ടി കയറ്റി കൊല്ലേണ്ടെന്ന് അധികൃതർ അവസാനം തീരുമാനിച്ചു. ചന്തക്കവലയിൽ നിന്ന് എം.എൽ റോഡിലേക്ക് തിരിയാതെ കെ.കെ.റോഡ് സെൻട്രൽ ജംഗ്ഷൻ വഴി നേരേ സർവീസ് നടത്തിയാൽ മതിയെന്നാണ് കഴിഞ്ഞ ആർ.ടി.എ യോഗത്തിലെ തീരുമാനം. 102 ബസുകളായിരുന്ന് നിന്നു തിരിയാൻ ഇടമില്ലാത്ത ചന്തക്കയ്ക്കകത്ത് കൂടി വർഷങ്ങളായി സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ മാസവും ബസിനടിയിൽപ്പെട്ട് ഒരാൾ മരിച്ചതോടെ തുഗ്ലക്ക് പരിഷ്കാരം അസാനിപ്പിക്കണമെന്ന് തിരുനക്കര ചുറ്റുവട്ടം കോളത്തിൽ ആവശ്യപ്പെട്ടിരുന്നു.

വൈകിയെങ്കിലും നിലപാട് മാറ്റാൻ കളക്ടറും പൊലീസ് മേധാവിയും ആർ.ടി.ഒയും മറ്റും തീരുമാനിച്ചതിന് നന്ദി പറയട്ടെ. കേരളത്തിൽ ചന്തയ്ക്കകത്ത് കൂടി ബസ് സർവീസ് നടക്കുന്ന ഏക സ്ഥലം കോട്ടയമായിരുന്നു. ചന്തക്കവലയിൽ നിന്ന് നേരത്തേ ഒരു സ്വർണക്കടയുടെ മുന്നിലെ ബസ് സ്റ്റോപ്പിന് വേണ്ടിയായിരുന്നു ബസുകൾ ചന്തയ്ക്കകത്ത് കൂടി വിട്ടതെന്ന് ആരോപണം ഉയർന്നിരുന്നു. സ്വർണക്കട മാറ്റിയതും ബസ് സർവീസ് മാറ്റാൻ ഒരു കാരണമാകാം. സ്വകാര്യ ബസുടമകൾ, വ്യാപാരി സംഘടനകൾ, ഓട്ടോ തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ അഭിപ്രായവും തേടിയിരുന്നു. ചന്തക്കകത്തുകൂടി തന്നെ ബസോടിക്കണമെന്ന് ആരും ആവശ്യപ്പെടാതെ വന്നതോടെയാണ് വർഷങ്ങളായി വളഞ്ഞു മൂക്കു ചുറ്റിപിടിച്ചപ്പോലുള്ള തല തിരിഞ്ഞ പരിഷ്കാരം തുടരണമെന്ന കടും പിടുത്തം അധികൃതരും അവസാനിപ്പിക്കാൻ നിർബന്ധിതരായത്.

എം.എൽ റോഡ് കോട്ടയം നഗരത്തിലെ ഏറെ തിരക്കുള്ള റോഡാണ്. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക സംവിധാനമില്ല. ഇടയ്ക്ക് ഓട്ടോ സ്റ്റാൻഡുമുണ്ട്. ഇരുവശവുമുള്ള കടകൾക്ക് പുറമെ വഴിയരികിലാണ് പച്ചക്കറികളും മറ്റും കടക്കാർ ഇറക്കി വയ്ക്കുന്നത്. ബാക്കി സ്ഥലം വഴിയോരക്കച്ചവടക്കാരും കൈയേറും. കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാൻ വീതിയുള്ള ഇടുങ്ങിയ റോഡിൽ വൺവേയുമില്ല. ഇരുവശത്ത് നിന്നും തലങ്ങും വിലങ്ങും വാഹനങ്ങളും കാൽനടക്കാരുമെല്ലാമായി ഉത്സവ പറമ്പ് പോലുള്ള റോഡിലൂടെയായിരുന്നു നാട്ടുകാരെ ഇടിച്ചു തെറിപ്പിച്ചു ബസുകളുടെ മരണപ്പാച്ചിൽ.

ബസ് സർവീസ് മാറ്റിയത് കൊണ്ടു മാത്രം പ്രശ്നപരിഹാരമാകില്ല. റോഡിന് ഇരുവശവും കൈയേറിയുള്ള കച്ചവടം സ്ഥിരമായി ഒഴിപ്പിക്കാനോ അനധികൃത കടകൾ നീക്കം ചെയ്യാനോ ആരുമില്ല. റോഡ് തറവാട്ടു വകയെന്ന വിചാരത്തോടെയാണ് പല കച്ചവടക്കാരും സാധനങ്ങൾ വഴിയരികിലേക്ക് ഇറക്കിവയ്ക്കുന്നത്. കോടിമതയിൽ പച്ചക്കറി ചന്ത ഉണ്ടെങ്കിലും അങ്ങോട്ടു പോകാതെ എം.എൽ റോഡിലെ പഴയ കടമുറികളിൽ ഓരോ ദിവസവും പുതിയ പച്ചക്കറി കടകൾ തുറക്കുകയാണ്. ഇടയ്ക്ക് വഴിപാട് ഒഴിപ്പിക്കൽ നടത്തുമെങ്കിലും യൂണിയൻ പിൻബലത്താൽ പിറ്റേന്നു തന്നെ കച്ചവടം തുടങ്ങും. ചില കൗൺസിലർമാരുടെ വക ബിനാമി വഴിയോര കടകളുണ്ട്. മുഖം നോക്കാതെ ഇവ ഒഴിപ്പിക്കാനുള്ള അടിയന്തിര നടപടിയും ഉണ്ടാകണം.