
കോട്ടയം : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയെ സ്വീകരിക്കാൻ നഗരത്തിൽ സ്ഥാപിച്ച ഫ്ളക്‌സ് ബോർഡുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്‌ക്വാഡ് നീക്കം ചെയ്‌തതിനെച്ചൊല്ലി സംഘർഷം. പരിപാടി നടക്കും മുൻപ് മുന്നിറിയിപ്പില്ലാതെ നീക്കം ചെയ്‌തതിനെതിരെയാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ പുളിമൂട് ജംഗ്‌ഷനിലായിരുന്നു സംഭവം. പോസ്റ്ററുകളും, ബോർഡുകളും കൊടികളും നീക്കം ചെയ്യുന്നത് അറിഞ്ഞ് ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് അംഗങ്ങളെ നേരിൽ കാണാൻ ശ്രമിച്ചു. എന്നാൽ ഇവർ തയ്യാറായില്ലെന്ന് ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നു.
ജനറൽ സെക്രട്ടറിമാരായ ലിജിൻലാൽ, എം.വി ഉണ്ണികൃഷ്ണൻ, മദ്ധ്യമേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, കെ.പി.ഭുവനേശ് എന്നിവർ പുളിമൂട് ജംഗ്ഷനിൽ വച്ച് സ്‌ക്വാഡിനെ തടയുകയായിരുന്നു. മുൻകൂർ നോട്ടീസ് നൽകുകയോ, മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെയാണ് നടപടിയെന്ന് നേതാക്കൾ ആരോപിച്ചു.
സംഭവം അറിഞ്ഞ് കോട്ടയം ഡിവൈ.എസ്.പി എം.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ബി.ജെ.പി പ്രവർത്തകരുമായി ചർച്ച നടത്തി. പിന്നീട് ജില്ലാ കളക്ടറുമായി ചർച്ച നടത്തി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.